‘പിണറായി വിജയനെതിരെ ശബ്ദിച്ചാല്‍ കൊന്നുകളയും’; ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കോഴിക്കോട് ആര്‍എംപി പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം; ഗുരുതര പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ 

വിഷ്ണു ആശുപത്രിയില്‍ ചികിത്സയില്‍

വടകര: ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആര്‍എംപി പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം. കോഴിക്കോട് കുന്നുമ്മക്കരയിലാണ് സംഭവം. ഒന്‍പത് വര്‍ഷമായി ആര്‍എംപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിഷ്ണു കുക്കുവാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

വിഷ്ണു കുക്കു (ഫെയ്സ്ബുക്ക് ചിത്രം)

ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കുന്നുമ്മക്കര ക്ഷേത്രത്തിന് സമീപം പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് വിഷ്ണു പറയുന്നു. രണ്ട് ബൈക്കുകളില്‍ മുഖം മറച്ചെത്തിയവര്‍ തന്നെയും കൂടെയുണ്ടായിരുന്ന കുന്നുമ്മക്കര സ്വദേശിയും ആര്‍എംപി പ്രവര്‍ത്തകനുമായ ദിനേശനെയും മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുപയോഗിച്ചായിരുന്നു മര്‍ദ്ദനം. തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെ ജീവന്‍ രക്ഷപ്പെട്ടു. ഇതിനിടെ ‘പിണറായി വിജയനെതിരെ സംസാരിച്ചാല്‍ കൊന്നുകളയു’മെന്ന് അക്രമികള്‍ വിളിച്ചു പറഞ്ഞതായും വിഷ്ണു പറയുന്നു.

ബഹളം കേട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമീപവാസികള്‍ ഓടിക്കൂടിയതോടെ അക്രമി സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരമായുള്ള പിടിവലിക്കിടെ അക്രമികളില്‍ ഒരാളുടെ മുഖം മൂടി തെറിച്ചു പോയെന്നും ഇയാളുടെ വസ്ത്രത്തിന്റേയും മറ്റും ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു. ഇരുകാലുകള്‍ക്കും സാരമായി പരുക്കേറ്റ വിഷ്ണു നിലവില്‍ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പിണറായി വിജയനെതിരെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രം

ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകനാണെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജോലിയുടെ ഭാഗമായി ദുബായിലാണ് വിഷ്ണു. നാട്ടിലെത്തുമ്പോഴെല്ലാം ആര്‍എംപിയുടെ പരിപാടികളില്‍ പങ്കെടുക്കും. ഇക്കഴിഞ്ഞ പതിനെട്ടിനാണ് വിഷ്ണു നാട്ടിലെത്തിയത്. എം എം മണിയുടെ വിവാദ പരാമര്‍ശത്തിലുള്‍പ്പെടെ വിഷ്ണു നിലപാട് വ്യക്താമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. ഇതും അക്രമി സംഘത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നും വിഷ്ണു പ്രതികരിച്ചു. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടാന്‍ പോലുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നും വിഷ്ണു പറഞ്ഞു.

സിപിഐഎം അനുഭാവിയായിരുന്ന വിഷ്ണു 2008 ലാണ് ആര്‍എംപിയിലെത്തുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എംപി കുന്നുമ്മക്കരയില്‍ ഹര്‍ത്താല്‍ നടത്തി. ടിപി അനുസ്മരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ളെക്‌സുകളും പോസ്റ്ററുകളും മറ്റും നശിപ്പിച്ച നിലയിലാണുള്ളത്.

DONT MISS
Top