മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയെ  മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

മണി സ്ത്രീത്വത്തിനെതിരെ നടത്തിയ പരാമര്‍ശം പീനല്‍കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റമാണെന്നും, സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരമാര്‍ശം നടത്തിയ എം എം മണിക്ക് സഭയില്‍ മന്ത്രിയായി തുടരുന്നതിനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

ഇത് സീതാറാം യെച്ചൂരി നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളായ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക പൊതു ജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തുക തുടങ്ങിയവക്ക് പൂര്‍ണമായും എതിരാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു. മണിക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുക എന്ന വലിയ കുറ്റം കൂടിയാണ് മന്ത്രി എം എം മണി ചെയ്തതെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ മണിക്കെതിരെയുളള പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ മുഖ്യമന്ത്രി എം എം മണിയെ സംരക്ഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎം അഖിലേന്ത്യ സെക്രട്ടറി എന്ന നിലയില്‍ സീതാറാം യെച്ചൂരി വിഷയത്തില്‍ ഇടപെടണമെന്നും മണിക്കെതിരെ നടപടികള്‍ കൈകൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

DONT MISS
Top