പതിനാറ് വര്‍ഷത്തിന് ശേഷം ആമീര്‍ പുരസ്‌കാര വേദിയില്‍, ആദരം ഏറ്റുവാങ്ങിയത് ആര്‍എസ്എസ് മേധാവിയില്‍ നിന്ന്

ആമീര്‍ മോഹന്‍ഭഗവതില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ആമീര്‍ ഖാന്‍ നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം പുരസ്‌കാര വേദിയിലെത്തിയപ്പോള്‍ അവാര്‍ഡ് നല്‍കി ആദരിച്ചത് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. കുറെ കാലങ്ങളായി പുരസ്‌കാര വേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ആമീര്‍ ഖാന്‍.

അസഹിഷ്ണുത വിവാദത്തില്‍ നിരന്തരം ആര്‍എസ്എസിന്റെയും ബിജെപിയുടെയും, വിമര്‍ശനത്തിന് പാത്രമാകാറുള്ള ആമീര്‍ നീണ്ട ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു ആദരം ഏറ്റുവാങ്ങുന്നത് അതും ആര്‍എസ്എസ് മേധാവിയില്‍ നിന്നും.

നാടകാചാര്യനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥമുള്ള വിശേഷ് പുരസ്‌കാരമാണ് ആമീര്‍ ഏറ്റുവാങ്ങിയത്. ദംഗലിന്റെ പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌കാരമാണ് ആമീറിന് നല്‍കിയത്. ലതാ മങ്കേഷ്‌കറിന്റെ പ്രത്യേക ക്ഷണം പ്രകാരമാണ് ആമീര്‍ ചടങ്ങില്‍ പങ്കെടുത്തത്. ലതാ മങ്കേഷ്‌കറും പുരസ്‌കാരദാന ചടങ്ങിലുണ്ടായിരുന്നു.

ഇന്ത്യയിലെ അസഹിഷ്ണുതയിലൂന്നിയ ആക്രമണങ്ങളോടെ രാജ്യത്തിന്റെ പുറത്ത് പോയി താമസം മാറ്റണമെന്ന് ഭാര്യ കിരണ്‍ റാവു പറഞ്ഞതായി ആമീര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനേ തുടര്‍ന്നാണ് ഹിന്ദുവാദികളുടെ വിമര്‍ശനത്തിന് ആമീര്‍ ഇരയാകുന്നത്. തുടര്‍ന്നാണ് ആമീര്‍ പാകിസ്താനിലേക്ക് പോകണമെന്ന ആവശ്യവുമായി ശിവസേന, ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തുന്നത്.

DONT MISS
Top