മോഹന്‍ലാലിനെ വിമര്‍ശിച്ച പന്ന്യന്‍ അല്‍പ്പനെന്ന് ഇപി ജയരാജന്‍; “ലാല്‍ മലയാളത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവും”

പ്രതീകാത്മകചിത്രം

ദേശീയ അവാര്‍ഡിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച പന്ന്യന്‍ രവീന്ദ്രനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ എംഎല്‍എ രംഗത്ത്. ലാലിനെ വിമര്‍ശിച്ച പന്ന്യന്‍ അല്‍പ്പനാണെന്ന് ജയരാജന്‍ തിരിച്ചടിച്ചു. ലാല്‍ മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജയരാജന്‍ അഭിപ്രായപ്പെട്ടു.

പുലിമുരകനല്ലെ എന്നുകരുതി മോഹന്‍ലാലിന് അവാര്‍ഡ് കൊടുത്തതാകാമെന്നും ഇത്തരം കാര്യങ്ങളാണ് അവാര്‍ഡുകളെ വ്യഭിചരിപ്പിക്കുന്നതെന്നുമായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകള്‍. ഇതിനെതിരെയാണ് ജയരാജന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെതിരായ ചില അല്‍പ്പന്‍മാരുടെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വല്ലാത്ത അസൂയതോന്നിയതായും ഇത്തരം വിമര്‍ശനങ്ങള്‍ സാഹിത്യ കേരളം പുച്ഛിച്ച് തള്ളുമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. നിരവധി രാഷ്ട്രീയവിഷയങ്ങളില്‍ സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു നടന്റെ പേരില്‍ ഇരുപാര്‍ട്ടികളും കൊമ്പുകോര്‍ക്കുന്നത്.

പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലിമുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്. ഇ പി ജയരാജന്‍ പറയുന്നു. മറ്റൊരു വിസ്മയമാകാന്‍ പോകുന്ന രണ്ടാംമൂഴത്തിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് തലയുയര്‍ത്തി നില്‍ക്കുവാന്‍ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണെന്നും ജയരാജന്‍ പറയുന്നു. സാംസ്‌കാരിക കേരളം പന്ന്യന്റെ അഭിപ്രായത്തെ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയത്. പുലിമുരുകനായതുകൊണ്ട് കൊടുക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവാര്‍ഡ് നല്‍കിയതെന്നും അവാര്‍ഡുകളെ പലപ്പോഴും വ്യഭിചരിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും പന്ന്യന്‍ തുറന്നടിച്ചിരുന്നു. സുരഭിക്ക് ലഭിച്ച ദേശീയ പുരസ്‌കാരത്തെ പ്രശംസിച്ച പന്ന്യന്‍ മോഹന്‍ലാലിന് എന്തിനാണ് പുരസ്‌കാരം കൊടുത്തതെന്ന് നിശ്ചയമില്ലെന്ന് ചൂണ്ടിക്കാട്ടി. സുരഭിക്ക് ലഭിച്ച പുരസ്‌കാരത്തിന്റെ ഭംഗി മുഴുവന്‍ കെടുത്തുന്നതാണ് ലാലിനുള്ള പുരസ്‌കാരമെന്നും പന്ന്യന്‍ പറഞ്ഞു.

ഇ പി ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ്. പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്. മറ്റൊരു വിസ്മയമാകാൻ പോകുന്ന രണ്ടാമൂഴം അഭ്രപാളികളിലെത്തുമ്പോൾ സഹ്യനും ഹിമഗിരിശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്. ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളും. ദേശീയ പുരസ്കാരം നേടിയ കേരളത്തിന്റെ മഹാനടൻ ശ്രീ. മോഹൻ ലാൽ, നടി സുരഭി, സംസ്ഥാന പുരസ്കാരം നേടിയ നടൻ വിനായകൻ തുടങ്ങി ….. മലയാളത്തിന്റെ അഭിമാന താരങ്ങൾക്കെല്ലാം ആയിരം ആയിരം അശംസകൾ അഭിവാദനങ്ങൾ.

മോഹന്‍ലാലിനെതിരായ പന്ന്യന്റെ പ്രസംഗം കാണാം:

DONT MISS
Top