സുപ്രീം കോടതി വിധി അനുകൂലം ആയാലും സെൻകുമാർ ഡി ജി പി ആകുമോ? ഡോ.ബി ബാലഗോപാല്‍ എഴുതുന്നു

ക്രമസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ ടി പി സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രമേ ഉള്ളു. എന്തായിരിക്കും വിധി എന്നതിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്. സെൻകുമാറിന്റെ സ്ഥാനമാറ്റം സുപ്രീം കോടതിക്ക് റദ്ദാക്കാം, അല്ലെങ്കിൽ സർക്കാർ നടപടി ശരി വയ്കാം. സർക്കാർ നടപടി തെറ്റാണ് എന്ന് കണ്ടെത്തിയാലും സെൻകുമാറിനെ വീണ്ടും ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പി ആയി നിയമിക്കാൻ കോടതി ഉത്തരവിടുമോ ? പുതിയ ഡി ജി പിയെ ചട്ടങ്ങൾ പാലിച്ച് തെരഞ്ഞെടുക്കാൻ സർക്കാറിനോട് കോടതി നിർദേശിക്കുമോ ? അങ്ങനെ ചോദ്യങ്ങൾ നിരവധി ആണ്. മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഈ കേസിൽ ഏറ്റവും പ്രസക്തം എന്ന് തോനുന്നു.
കേരള പോലീസ് ആക്ടിലെ 97 (2) (e) വകുപ്പ് സുപ്രീം കോടതി റദ്ദാക്കുമോ ?
2011 ലെ കേരള പോലീസ് ആക്ടിലെ 97 (2) (e) വകുപ്പിന്റെ അടിസ്ഥാനത്തിൽ ആണ് ടി പി സെൻകുമാറിനെ ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അധികാരപരിധിയിൽ പോലീസിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങൾക്ക് അതൃപ്തി ഉണ്ടായാൽ ആ ഉദ്യോഗസ്ഥനെ മാറ്റാൻ അനുവദിക്കുന്ന വകുപ്പാണ് കേരള പോലീസ് ആക്ടിലെ 97 (2) (e).
കേരള പോലീസ് ആക്ടിലെ 97 (2) (e) ഏകപക്ഷീയവും, സ്വേച്ഛപരവും, വിവേചനപരവും, ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നും ഈ വകുപ്പ് റദ്ദാക്കണം എന്നും സെൻകുമാറിന് വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.   സുപ്രീം കോടതി  Prakash Singh V Union of India (2006) കേസിൽ പുറപ്പടിവിച്ച മാർഗ്ഗനിര്ദേശങ്ങളുടെ അന്തഃസത്തക്ക് യോജിക്കുന്നത് അല്ല കേരള പോലീസ് ആക്ടിലെ 97 (2) (e) വകുപ്പ് എന്നും സെൻകുമാറിന് വേണ്ടി ഹാജർ ആയ   ദുഷ്യന്ത് ദാവെയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേരള പോലീസ് ആക്ടിലെ 97 (2) (e) വകുപ്പിന്റെ ഭരണഘടനാ സാധുത, സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ നൽകിയ ഹർജിയിൽ സെൻകുമാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ട്രിബുണലിൽ കേസ് വാദിച്ചപ്പോൾ ഇക്കാര്യം ഉന്നയിച്ചിട്ടില്ല എന്നാണ് സംസ്ഥാന സർക്കാറിന് വേണ്ടി ഹരീഷ് സാൽവെയും ജി പ്രകാശും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഹൈകോടതിയിലും ഈ വാദം സെൻകുമാർ ഉന്നയിച്ചില്ല എന്നും ഇരുവരും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ സെൻകുമാറിന് സുപ്രീം കോടതിയിൽ കേരള പോലീസ് ആക്ടിലെ 97 (2) (e) വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യാൻ ആകില്ല എന്ന് സർക്കാർ നിലപാട് സ്വീകരിച്ചു. ട്രിബ്യുണലിലും, ഹൈകോടതിയിലും ചോദ്യം ചെയ്യാത്ത ഒരു വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ ആകില്ല എന്ന L. Chandrakumar V Union of India, 1997 കേസിലെ ഏഴു അംഗ ബെഞ്ചിന്റെ വിധിയും  Rajeev Kumar and Anthors V Hemaraj Singh Chauhan and Others, 2010 കേസിലെ വിധിയും ചൂണ്ടിക്കാട്ടി ആയിരുന്നു സർക്കാർ പ്രതിരോധം.
കേരള പോലീസ് ആക്ടിലെ 97 (2)(e) യിലെ ഏതെങ്കിലും ഭാഗം മാത്രം അടർത്തി എടുത്ത് റദ്ദാക്കുന്നത് ശരി അല്ല എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദം സെൻകുമാറിന്റെ അഭിഭാഷകർ എതിർത്തത് കേരള പോലീസ് ആക്ടിലെ 118 (d) അനുച്ഛേദം ഭരണഘടന വിരുദ്ധം ആണെന്ന് വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടി ആണ്.
രണ്ടു വർഷം ഡി ജി പി പദവിയിൽ തുടരാൻ അർഹത ഉണ്ടെന്ന സെൻകുമാറിന്റെ വാദം അംഗീകരിക്കുമോ?
പോലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സേനയിലെ ബാഹ്യ ഇടപെടൽ അവസാനിപ്പിക്കുന്നതിനും ആയി ക്രമസമാധാനം ഉൾപ്പെടെ ഉള്ള സുപ്രധാന പദവികളിൽ രണ്ടു വർഷത്തെ നിശ്ചിത സേവന കാലാവധി നൽകണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത്  Prakash Singh V Union of India (2006) കേസിലാണ്. എന്നാൽ പ്രകാശ് സിംഗ് കേസിലെ വിധിയുടെ 31 മത്തെ ഖണ്ഡികയിൽ സംസ്ഥാന നിയമം വരുന്നത് വരയെ പ്രകാശ് സിംഗ് കേസിലെ വിധി ബാധകം ആകുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. പ്രകാശ് സിംഗ് കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ 2011 ൽ കേരള നിയമസഭാ നിയമം പാസാക്കുകയും ചെയ്തിരുന്നു. ആ നിയമത്തിലെ 97 (1) വകുപ്പ് പ്രകാരം ചുരുങ്ങിയത് രണ്ട് വർഷത്തെ സേവന കാലാവധി സംസ്ഥാന പോലീസ് മേധാവിക്ക് ലഭിക്കേണ്ടതാണ്. എന്നാൽ വിരമിക്കുകയോ, സ്ഥാന കയറ്റം ലഭിക്കുകയോ,  അവധിയിൽ പ്രവേശിക്കുകയോ, സസ്‌പെൻഷൻ നേരിടുകയോ ചെയ്യുന്നവർക്ക് രണ്ടു വർഷത്തെ നിശ്ചിത സേവന കാലാവധിക്ക് അർഹത ഉണ്ടാകില്ല. ഇതൊന്നും തനിക്ക് ബാധകം അല്ലാത്തതിനാൽ രണ്ടു വർഷം ഡി ജി പി പദവിയിൽ തുടരാൻ അർഹത ഉണ്ടെന്നാണ് സെൻകുമാറിന്റെ വാദം.
ക്രമാസമാധാനം ഉൾപ്പടെ സുപ്രധാന ചുമതല വഹിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു പദവിയിൽ രണ്ടു വർഷത്തെ നിശ്ചിത കാലാവധി ഉറപ്പാക്കാൻ  Prakash Singh V Union of India (2006) കേസിലെ ഉത്തരവിൽ ആണ്  സുപ്രീം കോടതി നിർദേശിച്ചത്. എന്നാൽ   E.P. Royappa V State of Tamil Nadu and Others (1974) കേസിൽ സുപ്രീം കോടതിയുടെ  അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് പുറപ്പടിവിച്ച വിധിയോട് യോജിച്ച് പോകുന്നത് അല്ല പ്രകാശ് സിംഗ് കേസിലെ വിധി എന്നാണ് സർക്കാരിന്റെ വാദം. ചീഫ് സെക്കട്ടറി, ഡി ജി പി തുടങ്ങി പ്രധാനപ്പെട്ട പദവികളിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റാൻ ഭരണഘടനാപരമായി സർക്കാരിന് അധികാരം ഉണ്ടെന്നും അങ്ങനെ മാറ്റുന്നത്തിന് 14, 16 അനുച്ഛേദങ്ങളുടെ ലംഘനം അല്ല എന്നും ആയിരുന്നു റോയപ്പ കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പടിവിച്ച ഉത്തരവ്. പ്രകാശ് സിംഗ് കേസ് വിധി റോയപ്പ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയോട് യോജിച്ച് പോകുന്നത് അല്ല എങ്കിൽ  അക്കാര്യം 2011 ൽ നിയമം പാസ്സാക്കുമ്പോൾ സർക്കാർ പരിഗണിക്കണം എന്നായിരുന്നു സെൻകുമാറിന്റെ വാദം. റോയപ്പ കേസിലെ വിധി ഐ എ എസ്, ഐ പി എസ് തുടങ്ങി എല്ലാ സർവീസുകളിലെയും ഉന്നത ബ്യുറോക്രാറ്റുകളെ ബാധിക്കുന്നതാണ് എന്നാണ് സെൻകുമാർ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ പ്രകാശ് സിംഗ് കേസിലെ വിധി പോലീസ് സേനയ്ക്ക് മാത്രം ബാധകം ആണ്. അത് കൊണ്ട് തന്നെ പ്രകാശ് സിംഗ് കേസിലെ ഉത്തരവ് ആകണം ഈ ഹർജി തീർപ്പാക്കാൻ കോടതി പരിഗണിക്കേണ്ടത് എന്നും സെൻകുമാറിന്റെ അഭിഭാഷകർ വാദിച്ചു.
ഐ പി എസ് കേഡർ റൂൾസ്സ് 2014 ൽ ഒരു വിജ്ഞാപനത്തിലൂടെ സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഭേദഗതി പ്രകാരം സംസ്ഥാന പോലീസ് മേധാവികൾക്ക് ഒരു പദവിയിൽ രണ്ടു വർഷത്തെ നിശ്ചിത കാലാവധി ഉണ്ടാകണം. എന്നാൽ ഈ ഭേദഗതി നിലവിൽ സ്റ്റേ ചെയ്തിരിക്കുന്നതിനാൽ സെൻകുമാറിന് അത് ബാധകം അല്ല എന്നായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നത്. ജൂൺ മാസം അവസാനം ആണ് സെൻകുമാർ സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. സ്ഥാനമാറ്റം സുപ്രീം കോടതി റദ്ദാക്കിയാൽ ഡി ജി പി പദവിയിൽ നഷ്ടപെട്ട കാലാവധി സർവ്വീസിൽ നീട്ടി നൽകണം എന്നും ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.
സെൻകുമാറിന്റെ സ്ഥലം മാറ്റം റദ്ദാക്കുമോ?
ഡി ജി പി പോലുള്ള സുപ്രധാനം ആയ സ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉള്ള സവിശേഷ അധികാരം സർക്കാരിന് ആണെന്ന്  Citizen for justice and peace V State of Gujarat and others (2009) കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. റോയപ്പ കേസിലെ ഭരണഘടന ബെഞ്ചിന്റെയും, സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഇന്റെ ഹർജിയിലെ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ സ്ഥലംമാറ്റം റദ്ദാക്കണം എന്ന സെൻകുമാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി കളയും എന്നാണ് സർക്കാറിന്റെ പ്രതീക്ഷ. എല്ലാ പോലീസ് ഉദ്യോഗസ്ഥരും തന്നിൽ നിക്ഷിപ്തം ആയ  കർത്തവ്യം  ഉത്തരവാദിത്വത്തോടെയും  ഫലപ്രദവും കാര്യക്ഷമവും ആയും നിർവഹിക്കണം എന്നാണ് കേരള പോലീസ് ആക്ടിലെ 27 വകുപ്പ് നിഷ്കർഷിക്കുന്നത്. എന്നാൽ സെൻകുമാർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിലും, ജിഷ കേസിലെ അന്വേഷണലും വീഴ്ച വരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടിക്ക് ആധാരം ആയ വസ്തുതകൾ സർക്കാരിന് തൃപ്തി ആകുന്ന വസ്തുതകൾ ആയാൽ മതി. അത്തരം വസ്തുതകൾ കോടതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയം അകാൻ പാടില്ല എന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ രണ്ടു കേസുകളിലും സെൻകുമാറിന് ഉണ്ടായ വീഴ്ച സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചു.
എന്നാൽ സുപ്രീംകോടതി ഈ വാദം കണക്കിൽ എടുക്കില്ല എന്നാണ് സെൻകുമാറിന്റെ അഭിഭാഷകരുടെ പ്രതീക്ഷ. പോലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സേനയിലെ ബാഹ്യ ഇടപെടൽ അവസാനിപ്പിക്കുന്നതിനും ആയി പ്രകാശ് സിംഗ് കേസിൽ പുറപ്പടിവിച്ച ഉത്തരവ് നടപ്പിലാക്കേണ്ട ബാധ്യത സുപ്രീം കോടതിക്ക് തന്നെ ഉണ്ട്. അതിനാൽ സർക്കാർ വാദം കോടതി തള്ളും എന്ന പ്രതീക്ഷയിൽ ആണ് സെൻകുമാറിന്റെ അഭിഭാഷകർ. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിലെ പോലീസ് വീഴ്ചയും, ജിഷ കേസിലെ അന്വേഷണ വീഴ്ചയും കോടതിക്ക് ബോധ്യമായിട്ടില്ല എന്നാണ് സെൻകുമാറിന്റെ അഭിഭാഷകരുടെ വിശ്വാസം.
ടി പി സെൻകുമാറിന്റെ സ്ഥലംമാറ്റം സുപ്രീം കോടതി റദ്ദാക്കിയാൽ ന്യായം ആയും അദ്ദേഹം  ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പി പദവിയിൽ തിരിച്ചു എത്തേണ്ടതാണ്. പക്ഷേ അങ്ങനെ വന്നാൽ നിലവിലെ ഡി ജി പി ലോക്‌നാഥ് ബെഹ്റയുടെ സ്ഥിതി എന്താകും. സുപ്രീം കോടതിയിലും ഹൈകോടതിയിലും  ബെഹ്‌റയെ എതിർ കക്ഷി ആക്കിയിട്ട് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമനത്തെ സെൻകുമാർ ചോദ്യം ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ സെൻകുമാറിനെ സ്ഥലംമാറ്റിയ നടപടി തെറ്റാണ് എന്ന് കോടതി പറഞ്ഞാലും ഡി ജി പി ആരായിരിക്കും എന്ന ഉത്തരവിൽ പരാമർശിച്ചിട്ടില്ല എങ്കിൽ അത് ചില അവ്യക്തകൾ സൃഷ്ടിക്കും. എന്നാൽ വിധി എതിരാണെങ്കിൽ ബെഹ്‌റ ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പി സ്ഥാനത്ത് നിന്ന് സ്വയം മാറാൻ ആണ് സാധ്യത. കേരള പോലീസ് ആക്ടിലെ 18 അനുച്ഛേദം പ്രകാരം പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടെക്കാം.
സെൻകുമാർ കേസിൽ ചീഫ് സെക്കട്ടറി  നളിനി നെറ്റോയെ എതിർ കക്ഷി ആക്കിയിട്ടില്ല എങ്കിലും, നളിനി നെറ്റോയ്ക്കു എതിരെ ഫയലിൽ കിത്രിമം കാണിച്ചു എന്നത് ഉൾപ്പടെ ഉള്ള ഗുരുതരം ആയ ആരോപണങ്ങൾ ആണ് സുപ്രീം കോടതിയിൽ സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ ഉന്നയിച്ചത്. അത് കൊണ്ട് തന്നെ നളിനി നെറ്റോയ്ക്ക് എതിരെ എന്തെങ്കിലും പരാമർശങ്ങൾ വിധിയിൽ ഉണ്ടാകുമോ എന്നതും ശ്രദ്ധേയം ആണ്.
DONT MISS
Top