വിശ്വരൂപത്തിന്റെ നിര്‍മാണം കമല്‍ഹസന്‍ ഏറ്റെടുക്കുന്നു; രണ്ടാം ഭാഗം വൈകാതെ തിയേറ്ററുകളിലെത്തും

കമല്‍ ഹസ്സന്‍, വിശ്വരൂപത്തിന്റെ പോസ്റ്റര്‍

ഒന്നാം ഭാഗത്തിന്റെ തൊട്ടുപിന്നാലെയിറങ്ങാന്‍ പദ്ധതിയിട്ട വിശ്വരൂപം രണ്ടാം ഭാഗം പുറത്തിറങ്ങാതെ പെട്ടിയില്‍ ഇരിക്കാന്‍തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇക്കാര്യത്തേപ്പറ്റി ചോദിച്ചപ്പോള്‍ കമല്‍ഹസ്സന്‍ മാധ്യമങ്ങളോട് രൂക്ഷമായി സംസാരിച്ചിരുന്നു. വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ നിര്‍മാതാവിനോടുള്ള ദേഷ്യമാണ് കമലിനെ അന്ന് ഇത്തരത്തില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്.

എന്റെ നിര്‍മാതാവ് ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി അര്‍നോള്‍ഡ് ഷ്വാര്‍സനഗ്ഗറെ കൊണ്ടുവരാനുള്ള തിരക്കിലാണ്. പിന്നെ നിരവധി സിനിമകളുടെ വിതരണാവകാശം വില്‍ക്കാനുമുണ്ട്. എന്നാല്‍ എന്റെ ചിത്രത്തിനുവേണ്ടി ചിലവഴിക്കുന്നുമില്ല. എന്റെ പ്രതിഫലം കാര്യമാക്കേണ്ട എന്നാല്‍, എനിക്കുവേണ്ടി പ്രവര്‍ത്തിച്ച മറ്റുള്ളവരുടെ പ്രതിഫലക്കാര്യത്തിനു നീക്കുപോക്കില്ലാതെ ചിത്രവുമായി മുന്നോട്ടുപോകാനാവില്ല കമലിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു.

പണി നീങ്ങണമെങ്കില്‍ എന്റെ ടീമിന് പണം കൊടുക്കണം. എന്റെ ചിത്രത്തിനുവേണ്ടി എന്റെ അഭിനേതാക്കളും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും സഹിക്കുന്നത് അനുവദിക്കില്ല ഞാന്‍ താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ നിര്‍മാതാവായ ഒസ്‌കാര്‍ രവിചന്ദ്രനുമായി താന്‍ കണ്ടുമുട്ടാറുണ്ടെന്നും എന്നാല്‍ വിശ്വരൂപത്തേപ്പറ്റി ഇഷ്ടക്കേടുള്ള രീതിയിലൊന്നും അദ്ദേഹം സംസാരിക്കാറില്ല എന്നും കമല്‍ പറഞ്ഞു. ഇങ്ങനെ സംഭവിക്കുന്നത് ഒസ്‌കാര്‍ രവി ചന്ദ്രന്റെ തിരക്കുമൂലമാകാം. പക്ഷേ ഞങ്ങള്‍ക്കിത് വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമാണ്. ബജറ്റ് കുറയ്ക്കണം എന്നാണ് ഒസ്‌കാര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ചെയ്തതിനുള്ള പ്രതിഫലം നല്‍കാതെ മറ്റൊന്നും ചിന്തിക്കാനാവില്ല. ഇത് പച്ചക്കറിക്കച്ചന്തയല്ല, സിനിമയാണ്! ഉലകനായകന്‍ മാസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ വിശ്വരൂപം ആരാധകര്‍ക്കൊരു ശുഭ വാര്‍ത്തയാണ് കേള്‍ക്കാനാവുന്നത്. വിശ്വരൂപം നിര്‍മാണം രാജ് കമല്‍ ഫിലിംസ് ഏറ്റെടുക്കുകയാണ്. കമല്‍ ഹസ്സന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മാണ കമ്പനിയാണ് രാജ് കമല്‍ ഫിലിംസ്. വിശ്വരൂപത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്ന സമയത്ത് ഉണ്ടായ വിവാദങ്ങള്‍ മറ്റൊരു തവണ ആവര്‍ത്തിക്കരുതെനന്ന് കമലിനുണ്ട്. അതിനാല്‍ത്തന്നെ കൃത്യമായ അണിയറ പ്രവര്‍ത്തനങ്ങളോടെ ഇക്കൊല്ലം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

വിശ്വരൂപം ഒന്നാം ഭാഗത്തിന്റെ മുടക്കുമുതല്‍ 90 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ഒസ്‌കാര്‍ പിന്‍വാങ്ങിയതോടെ സ്വതന്ത്രമായി കമലിന് നിര്‍മിക്കാന്‍ സാധിക്കും. അതോടെ സിനിമയുടെ നിലവാരവും വര്‍ദ്ധിക്കുമെന്നാണ് ഉലകനായകന്റെ ആരാധകരുടെ പ്രതീക്ഷ.

DONT MISS
Top