ബാഹുബലി, ദി കണ്‍ക്ലൂഷന്‍ വീഡിയോഗാന പ്രൊമോ എത്തി; ചക്രവര്‍ത്തിയായി പ്രൗഢിയോടെ പ്രഭാസ്

പ്രതീകാത്മക ചിത്രം

ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ബാഹുബലി ദി കണ്‍ക്ലൂഷനിലെ ഗാനത്തിന്റെ പ്രൊമോ എത്തി. കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല എന്നുംമറ്റുമുള്ള ചില വിവാദങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ ഗാനത്തിന്റെ പ്രൊമോ വന്നിരിക്കുന്നത്. ഈ പ്രൊമോ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയരുകയാണ്.

ഗാനത്തിന്റെ പ്രമോയില്‍ കൂടുതലും ബാഹുബലിയായി അരങ്ങുതകര്‍ക്കുന്ന പ്രഭാസിനെ തന്നെയാണ് കാണാനാവുക. ചില വിഎഫ്എക്‌സ് മാജിക്കുകളും പ്രൊമോയില്‍ കാണാം. സാഹോരെ ബാഹുബലി എന്ന ഗാനത്തിന്റെ പ്രൊമോയാണിത്. മഹിഷ്മതിയുടെ ചില നയനാനന്ദകരമായ കാഴ്ച്ചകളും ഗാന ശകലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സത്യരാജ് മാപ്പുപറഞ്ഞതോടെ ചിത്രം കര്‍ണാടകയിലും റിലീസ് ആകും എന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ച ഒരു താരം പണ്ട് എന്തെങ്കിലും പറഞ്ഞു എന്നുവച്ച് ചിത്രത്തോട് വിവേചനം കാണിക്കുന്നത് ക്രൂരതയാണെന്ന് നേരത്തെ സംവിധായകന്‍ എസ്എസ് രാജമൗലി പറഞ്ഞിരുന്നു.

ഷോബു യര്‍ലാഗഡയും പ്രശാന്ത് ദേവിനെനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ബാഹുബലി ദി കണ്‍ക്ലൂഷന്‍ ഏപ്രിന്‍ 28ന് തിയേറ്ററുകളിലെത്തും. എംഎം കീരവാണി സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കെകെ സെന്തില്‍ കുമാറും കൊട്ടാഗിരി വെങ്കിടേശ്വര റാവു ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

DONT MISS
Top