മണിയുടെ പ്രസംഗം പൊറുക്കാനാകാത്തതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ന്യായീകരണമില്ലെന്ന് ടിഎന്‍സീമ, തെറ്റ് ഏറ്റുപറയണമെന്ന് പികെ ശ്രീമതി,; മണിക്കെതിരെ സിപിഐഎം വനിതാ നേതാക്കള്‍

മേഴ്സിക്കുട്ടിയമ്മ, ടിഎന്‍ സീമ, പികെ ശ്രീമതി

തിരുവനന്തപുരം : മൂന്നാറില്‍ സമരം നടത്തിയ പെമ്പിളൈ ഒരുമൈ സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി എം എം മണിയ്ക്കെതിരെ സിപിഐഎമ്മിലെ വനിതാ നേതാക്കള്‍ രംഗത്ത്. മന്ത്രിയുടെ പ്രസ്താവന ദുഃഖകരമാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പി കെ ശ്രീമതി എംപി പറഞ്ഞു. ശക്തമായ വിമര്‍ശനമാണ് വനിതാ നേതാക്കള്‍ നടത്തുന്നത്

ഈ രൂപത്തില്‍ സ്ത്രീകളെ വ്യംഗ്യാര്‍ത്ഥത്തില്‍ പ്രതികരിക്കുന്നത് അംഗീകരിക്കാനാകില്ല. നീതീകരിക്കാനാകുന്നതല്ല ഈ വാക്കുകള്‍. ആക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല മോശമായ സഭ്യമല്ലാത്ത വാക്കുകള്‍ പറയാന്‍ പാടില്ല മന്ത്രിമാര്‍ ഒട്ടും നടത്താന്‍ പാടില്ല എന്തുകൊണ്ട് അദ്ദേഹം പറഞ്ഞുവെന്ന് അറിയില്ല. മണി തെറ്റുസമ്മതിക്കണമെന്നും ശ്രീമതി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

മണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം ടി എന്‍ സീമ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കും.  മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും സീമ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന പൊറുക്കാനാകാത്തതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. അടിമാലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മണിയുടെ അധിക്ഷേപകരമായ പ്രസംഗം. മണി മാപ്പ് പറയും വരെ സമരം തുടരുമെന്ന് പെമ്പുളൈ ഒരുമൈയും മഹിളാ കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

 “ പെമ്പളൈ ഒരുമെയുടെ സമരം നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. ആ വനത്തിലാ, അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു.  എല്ലാവരും കൂടിയാ.. ഇതൊക്കെ ഞങ്ങള്‍ക്കറിയാം”. ഇങ്ങനെ പോകുന്നു മണിയുടെ അധിക്ഷേപ പ്രസംഗം.

മന്ത്രിയുടെ അധിക്ഷേപത്തിനെതിരെ പെമ്പളൈ ഒരുമെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എംഎം മണി പാര്‍ട്ടിക്ക് തന്നെ അപമാനമാണെന്ന് സമരനേതാവായിരുന്ന ഗോമതി പറഞ്ഞു. എംഎം മണി രാജിവെക്കാതെ പിന്നോട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. മന്ത്രി മാപ്പ് പറയുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ഗോമതി വ്യക്തമാക്കി. മന്ത്രി നേരിട്ടുവന്ന് തൊഴിലാളിസ്ത്രീകളോട് മാപ്പ് പറയുന്നത് വരെ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം നടത്താനാണ് പൊമ്പിളൈ ഒരുമെ കൂട്ടായ്മയുടെ തീരുമാനം. പാവപ്പെട്ട തോട്ടം തൊഴിലാളികളെ അപമാനിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് ഗോമതി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്താണ് അവകാശമെന്നും ഗോമതി ചോദിച്ചു.

DONT MISS
Top