ഒടുവില്‍ കുറ്റസമ്മതം നടത്തി കെആര്‍കെ, ഛോട്ടാ ഭീം പരാമര്‍ശത്തിന് മാപ്പ്, മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് മോഹന്‍ലാല്‍

കമാല്‍ ആര്‍ ഖാന്‍

മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രം ഛോട്ടാ ഭീമിനോട് ഉപമിച്ച കമാല്‍ ആര്‍ ഖാന്‍ ഒടുവില്‍ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ട്വിറ്ററിലാണ് കെആര്‍കെ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞത്.  മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് വിളിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും, തനിക്ക് അദ്ദേഹത്തെപറ്റി അറിയില്ലായിരുന്നെന്നും, എന്നാല്‍  മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും കെആര്‍കെ ട്വീറ്റില്‍ പറയുന്നു.

മാപ്പ് പറഞ്ഞുകൊണ്ടുള്ള കെആര്‍കെയുടെ ട്വീറ്റ്

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ആയിരം കോടി ബജറ്റില്‍ മഹാഭാരതമാവുന്നുവെന്ന വാര്‍ത്തയ്ക്ക് ശേഷമാണ് ഭീമനായി മോഹന്‍ലാല്‍ എത്തുമെന്ന വാര്‍ത്തയും വരുന്നത്. ഭീമനാകാന്‍ ലോകസിനിമയില്‍ ലാലേട്ടന്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ തിരക്കഥ എംടിയെ തിരിച്ചേല്‍പ്പിക്കുമെന്നും ചിത്രത്തിന്റെ സംവിധായകനായ വിഎ ശ്രീകുമാറും പ്രതികരിച്ചിരുന്നു.

അതിനു തൊട്ടുപുറകെ തന്നെ മോഹന്‍ലാലിനെ പരിഹസിച്ചുകൊണ്ട് ട്വിറ്ററിലൂടെ കെആര്‍കെ രംഗത്തെത്തുകയായിരുന്നു. ഛോട്ടാഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയും പാഴ്ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ ആദ്യ ട്വീറ്റ്.

കെആര്‍കെയുടെ ആദ്യ ട്വീറ്റ്

പിന്നീട് വന്ന പുതിയ ട്വീറ്റില്‍  രാം ഗോപാല്‍ വര്‍മച്ചിത്രങ്ങളില്‍ മോഹന്‍ലാലിനെ ഒരു കോമാളിയായിട്ടാണ് താന്‍ കണ്ടതെന്നും  കെആര്‍കെ പറയുന്നു. മണ്ടന്മാരായ മോഹന്‍ലാല്‍ ആരാധകരേ മധുര്‍ ഭണ്ഡാകറിനുപോലും മൂന്ന് ദേശീയവാര്‍ഡും പത്മശ്രീയുമുണ്ട്. ട്വിറ്ററില്‍ 1.7 മില്യന്‍ ആരാധകരേ മോഹന്‍ലാലിനുള്ളൂ, തനിക്ക് 3.7 മില്യന്‍ ആരാധകരുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആരാധകരെ പച്ചത്തെറിവിളിക്കാനും ആരാണ് കൂടുതല്‍ വലിയ താരമെന്ന് പറയൂ എന്നു പറഞ്ഞ് വെല്ലുവിളിക്കാനും കെആര്‍കെ മുതിര്‍ന്നിരുന്നു. ട്വീറ്റിനു പിന്നാലെ മലയാളികളുടെ വന്‍ പൊങ്കാലയാണ് കെആര്‍കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടന്നിരുന്നത്.

മോഹന്‍ലാലിനെ പിന്തുണച്ച് സിനിമ ലോകത്തുനിന്നും സുരാജ് വെഞ്ഞാറമൂട് ബിനീഷ് ബാസ്റ്റിന്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തുവരികയും കെആര്‍കെയ്ക്ക് ചുട്ട മറുപടി നല്‍കുകയും ചെയ്തിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും എത്തിയിരുന്നു. കട്ട മമ്മൂട്ടി ഫാന്‍സ് എന്ന ഹാഷ്ടാഗിലാണ് മോഹന്‍ലാലിനെ പിന്തുണച്ച് ആരാധകര്‍ പോസ്റ്റിന് കമന്റുകള്‍ നിറച്ചിരുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിന്നീട്  ഫെയ്‌സ്ബുക്ക് അധികൃതര്‍ കെആര്‍കെയുടെ പോസ്റ്റ് റിമൂവ് ചെയ്തിരുന്നു. വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്‌റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ പോസ്റ്റ് നീക്കം ചെയ്തത്.

DONT MISS
Top