കേരളം കണ്ടതില്‍ ജനപ്രീതിയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ് [ഫയല്‍ചിത്രം]

റിയാദ്: കേരളം കണ്ടതില്‍ ജനപ്രീതിയില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഉയര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് റിയാദില്‍ പറഞ്ഞു. പല കാര്യങ്ങളിലും സിപിഎം നേതൃത്വത്തിന് വിഭിന്ന അഭിപ്രായമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ വി എസിനെക്കാള്‍ മോശമാണെന്നു കുറഞ്ഞ കാലംകൊണ്ടു തെളിയിച്ചു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ എണ്ണം വര്‍ധിച്ചു. അതുകൊണ്ടുതന്നെ പലകാര്യങ്ങളിലും കണ്‍ഫ്യൂഷനും കോണ്‍ട്രഡിക്ഷനും കൂടിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

മതേതരത്വമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. മതേതര കക്ഷികളുമായി ഒത്തുചേര്‍ന്ന് വര്‍ഗ്ഗീയ കക്ഷികള്‍ക്കെതിരെ നിലപാട് സ്വീകരിക്കും. 2019ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. ബീഹാര്‍ മോഡല്‍ സഖ്യം മാതൃകയാണ്. സി.പി.എം വന്നാലും പരിഗണിക്കുമെന്ന് ആര്യാടന്‍ വ്യക്തമാക്കി. സി.പി.എം ന് ഒരു സ്ഥാനാര്‍ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് പ്രതിപക്ഷം. ഇവര്‍ക്കെങ്ങനെ ബി ജെ പിക്ക് ബദലാകാന്‍ കഴിയുമെന്നും ആര്യാടന്‍ ചോദിച്ചു.

സി.പി.എമ്മിന്റെ നേതൃത്വമില്ലായ്മ പാര്‍ട്ടിയെ ക്ഷയിപ്പിച്ചു. ബി ജെപി ഫാസിസ്റ്റല്ലെന്നു കാരാട്ടു പറയുമ്പോള്‍ ഇതിനു വിരുദ്ധമായ നിലപാടാണ് സീതാറാം യെച്ചൂരിക്കുളളത്. നേതൃത്വം രണ്ട് ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

DONT MISS
Top