രണ്ടാമൂഴത്തെ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് മഞ്ജു വാര്യര്‍; മോഹന്‍ലാലിന്റെ ഐതിഹാസിക കഥാപാത്രത്തിനായി കാത്തിരിക്കാമെന്നും താരം

പ്രതീകാത്മകചിത്രം

ഇന്ത്യന്‍ സിനിമ ലോകം കാത്തിരുന്ന സ്വപ്‌ന തുല്യ പ്രൊജക്ടായ രണ്ടാമൂഴം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ അത് സംബന്ധിച്ച വാര്‍ത്തകളും സജീവമാണ്. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന് എല്ലാവിധ ആശംസകളുമായാണ് മലയാളത്തിലെ പ്രിയ നായിക മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് താരം സിനിമക്കുള്ള ആശംസയുമായി രംഗത്തെത്തിയത്. മുതല്‍മുടക്കിലും, ദൃശ്യാവിഷ്‌കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അത്ഭുതമായി രണ്ടാമൂഴം മാറട്ടെയെന്നാണ് മഞ്ജു ആശംസിക്കുന്നത്.

വിവിധഭാഷകളിലെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും ‘മഹാഭാരത’ത്തിനുവേണ്ടി ഒരുമിക്കുമ്പോൾ അത് മറ്റൊരു ഇതിഹാസമാകും രചിക്കുകയെന്നും മഞ്ജു പറയുന്നു. ആത്മസംഘർഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണെന്നും, അത് കാണാൻ കാത്തിരിക്കുകയാണെന്നും താരം പറയുന്നു. ഒപ്പം സിനിമ നിർമ്മിക്കുന്ന ബി.ആർ.ഷെട്ടിയെയും സംവിധാനം ചെയ്യുന്ന വി.എ.ശ്രീകുമാർ മേനോനും ചിത്രത്തിനുവേണ്ട എല്ലാ ആശംസകളും മഞ്ജു പോസ്റ്റിൽ പങ്കുവെക്കുന്നുണ്ട്.

മഞ്ജു വാര്യരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളത്തിന്റെ സുകൃതമായ എഴുത്തുകാരൻ ശ്രീ.എം.ടി.വാസുദേവൻനായരുടെ ‘രണ്ടാമൂഴം’ ‘ മഹാഭാരതം’ എന്ന പേരിൽ സിനിമായാകുന്നുവെന്ന വാർത്ത ഏതൊരു മലയാളിയ്ക്കുമെന്നപോലെ എനിക്കും സന്തോഷവും അഭിമാനവും തരുന്നു. മുതൽമുടക്കിലും ദൃശ്യാവിഷ്കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അദ്ഭുതമായി ഇത് മാറുമെന്ന പ്രഖ്യാപനം, സ്വപ്നം പോലും കാണാതിരുന്ന ഉയരങ്ങളിലേക്കാണ് നമ്മുടെ സിനിമയെ കൈപിടിച്ചുകൊണ്ടുപോകുന്നത്. വിവിധഭാഷകളിലെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും ‘മഹാഭാരത’ത്തിനുവേണ്ടി ഒരുമിക്കുമ്പോൾ അത് മറ്റൊരു ഇതിഹാസമാകും രചിക്കുക. എം.ടി.സാറെന്ന പ്രതിഭ അക്ഷരങ്ങളിൽകൊത്തിയെടുത്ത ശിൽപമാണ് രണ്ടാമൂഴം. ആത്മാവുകൊണ്ടെഴുതിയ രചന. തിരരൂപവും അതേപോലൊരു ക്ലാസിക് ആകുമെന്ന് ഉറപ്പാണ്. ആത്മസംഘർഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതം ഈ കഥാപാത്രത്തിലൂടെ അനേകം സൗഗന്ധികമുഹൂർത്തങ്ങളെ അനായാസം നുള്ളിയെടുത്തുകൊണ്ട് ഐതിഹാസികമായ പരിവേഷത്തിലേക്ക് സഞ്ചരിക്കുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം. ആയിരം കോടി നിർമാണച്ചെലവുള്ള ഒരു സിനിമ സംഭവിക്കാൻ കാരണമായത് ബി.ആർ.ഷെട്ടി എന്ന വ്യവസായപ്രമുഖനാണ്. ഭാരതസംസ്കൃതിയുടെ ഏറ്റവും ഉജ്ജ്വലമായ ഒരു ഏടിനെ ലോകത്തിന് മുമ്പാകെ ആദ്യമായി ദൃശ്യരൂപത്തിൽ അഭിമാനപൂർവം അവതരിപ്പിക്കുകയെന്ന വലിയദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തെ എത്രപ്രശംസിച്ചാലും അധികമാകില്ല. ‘മഹാഭാരത’ത്തിന്റെ എല്ലാ വിസ്തൃതിയെയും ക്യാമറയിലേക്ക് ചേർത്തുവയ്ക്കാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോന് കഴിയട്ടെ. ഇനി ‘മഹാഭാരത’നാളുകൾക്കായി കാത്തിരിക്കാം…

DONT MISS
Top