പെട്രോളിനും ഡീസലിനും വേണ്ടി ഇനി പമ്പുകളില്‍ ക്യൂ നില്‍ക്കേണ്ട; പെട്രോളിയം ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഫയല്‍ ചിത്രം

ദില്ലി : പെട്രോളും ഡീസലും അടിക്കാന്‍ ഇനി പമ്പുകളില്‍ ക്യൂ നില്‍ക്കേണ്ടി വരില്ല. പാചകവാതകങ്ങള്‍ ലഭിക്കുന്നതുപോലെ പെട്രോളിയം ഉത്പന്നങ്ങളും ഇനി നമ്മുടെ വീട്ടുപടിക്കലെത്തും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതി സജീവപരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. പെട്രോളിയം മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


രാജ്യത്തെ 59,595 പെട്രോള്‍ പമ്പുകളില്‍ ദിനംപ്രതി 3.5 കോടി ആളുകള്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നതായാണ് കണക്കാക്കപ്പെടുന്നത്. 2500 കോടി രൂപയുടെ ഇടപാടുകളാണ് ഓരോദിവസവും പമ്പുകളില്‍ നടക്കുന്നത്. ഇതുമൂലം പെട്രോള്‍ പമ്പുകളില്‍ വന്‍ ക്യൂവിനും, ഉപയോക്താക്കളുടെ സമയനഷ്ടത്തിനും ഇടയാക്കുന്നു. ഈ സാഹചര്യത്തിലാണ് പെട്രോളിയം ഉത്പന്നങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രാലയം ആലോചിക്കുന്നത്.

പുതിയ പദ്ധതി നടപ്പാക്കുന്നതോടെ പെട്രോള്‍ പമ്പുകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും പെട്രോളിയം മന്ത്രാലയം കണക്കുകൂട്ടുന്നു.


2015-16 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ശരാശരി ഉപഭോഗം 21.8 ദശലക്ഷം ടണ്‍ പെട്രോളും, 74.6 ദശലക്ഷം ദശലക്ഷം ടണ്‍ ഡീസലുമായിരുന്നു. എന്നാല്‍ 2016-17 സാമ്പത്തിക വര്‍ഷത്തിലാകട്ടെ ഇത് യഥാക്രമം 23.8 ദശലക്ഷം ടണ്ണും, 76 ദശലക്ഷം ടണ്ണുമായി ഉയര്‍ന്നു. ഇന്ധന ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവും പുത്യ പദ്ധതി നടപ്പാക്കുന്നതിന് പെട്രോളിയം മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നു.

മെയ് ഒന്നു മുതല്‍ രാജ്യത്തെ അഞ്ച് വന്‍ നഗരങ്ങളില്‍ ദിവസവും എണ്ണവില പുതുക്കി നിശ്ചയിക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്.


കൂടാതെ ഇന്ധനം നിറയ്ക്കുന്നതിന് ഡിജിറ്റല്‍ ഇടപാട് വ്യാപകമാക്കി, പമ്പുകളിലെ പണ ഇടപാടുകള്‍ കുറയ്ക്കുന്നതിനും പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നു. രാജ്യത്തെ പമ്പുകളിലെ ഡിജിറ്റല്‍ പണ ഇടപാട് പ്രതിദിനം 150 കോടിയില്‍ നിന്ന് 400 കോടിയായി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസിയും, ബിപിസിഎല്ലും, എച്ച്പിസിഎല്ലും ഡിജിറ്റല്‍ ഇടപാടു വഴി ഇന്ധനം നിറയ്ക്കുമ്പോള്‍ 0.75 ശതമാനത്തിന്റെ ഇളവ് പ്രഖ്യാപിച്ചിരുന്നു.

DONT MISS
Top