പാക് സൈറ്റുകളില്‍ വീണ്ടും മലയാളീ ഹാക്കര്‍മാരുടെ തേരോട്ടം; ഇക്കുറി കൊലമാസ് ഡയലോഗുമായി ചാര്‍ലിയും ബിലാലും ഷാജീപാപ്പനും

ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ നിന്ന്

കൊച്ചി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിനായുള്ള പ്രാര്‍ത്ഥനയിലാണ് രാജ്യമിപ്പോള്‍. അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ സമ്മര്‍ദം ചെലുത്തിയ ഇന്ത്യ, ഉടനെ വധശിക്ഷ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കി. മറ്റൊരു സരബ്ജീത് സിംഗാകാന്‍ കുല്‍ഭൂഷനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ കൈമെയ്മറന്ന് പോരാടുകയാണ്. കുല്‍ഭൂഷനെ തൊട്ടാല്‍ പാകിസ്താനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇപ്പോളിതാ മറ്റൊരു മുന്നറിയിപ്പുമായാണ് ഈ മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് ചിത്രങ്ങളാണെങ്കില്‍ കിടിലന്‍ ട്രോള്‍ വീഡിയോയുമായാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

മണവാളന്റെയും രമണന്റെയുമെല്ലാം ചിത്രങ്ങളാണ് പൊതുവെ മലയാളികള്‍ ഹാക്ക് ചെയ്ത സൈറ്റുകളിലുണ്ടാകാറുള്ളതെങ്കില്‍ ഇക്കുറി കുറച്ചുകൂടി മാസാണ് ഹാക്കിംഗ്. ചാര്‍ലിയും ബിലാലും ഷാജി പാപ്പനുമെല്ലാമാണ് കിടിലന്‍ ഡയലോഗും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സൈബര്‍ വാരിയേഴ്‌സിന്റെ ഇന്‍ട്രോ വീഡിയോയാണിതെന്നും അവര്‍ അവകാശപ്പെടുന്നു. മലയാളി ഹാക്കര്‍മാര്‍ പാക് സൈറ്റുകളുടെ അന്തകരാണെന്ന് പ്രഖ്യാപിക്കുന്നതാണ് വീഡിയോ. കേരളാ സൈബര്‍ വാരിയേഴ്‌സിലെ പ്രധാന ഹാക്കര്‍മാരെ വീഡിയോ പരിചയപ്പെടുത്തുന്നുമുണ്ട്. ഹാക്ക് ചെയ്യപ്പെട്ട പുതിയ പാക് സൈറ്റുകളിലാണ് വീഡിയോയുള്ളത്. ലാഹോര്‍ ഗസ്റ്റ് ഹൗസ്, പഞ്ച്‌നൂര്‍ ഡോട്ട്‌കോം, എക്‌സ്പാന്‍ഡര്‍ സ്‌പോര്‍ട്‌സ് പോലുള്ള പ്രമുഖ വെബ്‌സൈറ്റുകളിലുള്‍പ്പെടെയാണ് വീഡിയോ കാണപ്പെടുന്നത്. ‘വീരപ്പന്‍’ (V33R4PP4N) എന്ന ഹാക്കറാണ് വീഡിയോ പാക് സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയത്. തുടക്കമെന്ന നിലയില്‍ കുറച്ച് സൈറ്റുകളിലാണ് വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും വരുംദിവസങ്ങളില്‍ കൂടുതല്‍ സൈറ്റുകളിലേക്ക് വീഡിയോകള്‍ പടരുമെന്ന് വീരപ്പന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. കേരളാ സൈബര്‍ വാരിയേഴ്‌സിലെ ഹാക്കറാണ് വീരപ്പന്‍.


(പാക് സൈറ്റുകളില്‍ കാണപ്പെട്ട ഇന്‍ട്രോ വീഡിയോ)
സൈബര്‍ വാരിയേഴ്‌സെന്ന മലയാളികളുടെ സ്വന്തം ഹാക്കിംഗ് വീരന്മാര്‍ കഴിഞ്ഞദിവസം, 300ലധികം പാക് സൈറ്റുകള്‍ തകര്‍ത്ത് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുല്‍ഭൂഷന്‍ യാദവിന് നീതീ ലഭിക്കുംവരെ പോരാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിലവില്‍ നടക്കുന്ന സൈബര്‍ വാരിയേഴ്‌സിന്റെ ഓപ്പറേഷന്‍. ഒരു സരബ്ജിത് സിംഗ് കൂടി നമുക്ക് ഇനി വേണ്ട. പാകിസ്ഥാന്‍ സൈബര്‍സ്‌പേസ് ആക്രമിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രതിഷേധിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹാക്ക് ചെയ്ത മുന്നൂറോളം വെബ്‌സൈറ്റുകളുടെ വിവരങ്ങളും സൈബര്‍ വാരിയേഴ്‌സ് പങ്കുവെച്ചിരുന്നു.

പാക് സൈബറിടത്തിന് കേരളാ സൈബര്‍ വാരിയേഴ്‌സിനെ അങ്ങനെ മറക്കാനാകില്ല. ഒരുകാലത്ത് പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പോലും സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാര്‍ക്ക്. വിവിധ ഘട്ടങ്ങളില്‍ ആയിരക്കണക്കിന് പാക്‌സൈറ്റുകള്‍ ഇവര്‍ ഹാക്ക് ചെയ്തിരുന്നു. അതിനാല്‍തന്നെ മല്ലു ഹാക്കേഴ്‌സും സൈബര്‍ വാരിയേഴ്‌സും ചേര്‍ന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകള്‍ പാകിസ്താന്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്‌സായിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. ഹാക്കിംഗ് എന്ന സൈബര്‍ കുറ്റകൃത്യത്തെ സമൂഹത്തിന്റെ പ്രതികരണത്തിന്റെ വേദിയാക്കാനുള്ള പുത്തന്‍ ഇടപെടല്‍ ചരിത്രമാണ് മലയാളി ഹാക്കര്‍മാര്‍ സൃഷ്ടിക്കുന്നത്. അവരാണ് ഇപ്പോള്‍ മുന്നൂറോളം പാക് സൈറ്റുകള്‍ തകര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദുല്‍ഖറും മമ്മൂട്ടിയുമെല്ലാം മുന്നറിയിപ്പുമായി പാക് സൈറ്റുകളില്‍ നിറയാനാരംഭിച്ചത്.

DONT MISS
Top