ചരിത്രം കുറിച്ച് ചുവന്ന ചെകുത്താന്മാര്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമിയില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആഹ്ലാദപ്രകടനം

ഓള്‍ഡ് ട്രോഫോഡ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ സെമിയില്‍ കടന്നു. ബല്‍ജിയം ടീം ആന്‍ഡെര്‍ലെക്റ്റിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് യുണൈറ്റഡ് ചരിത്രത്തില്‍ ആദ്യമായി യൂറോപ്പ ലീഗിന്റെ അവസാന നാലിലെത്തിയത്.

യൂറോപ്പയില്‍ ഇതുവരെ കിരീടമില്ലാത്ത യുണൈറ്റഡ് ഇക്കുറി പ്രതീക്ഷയോടെയാണ് ആന്‍ഡെര്‍ലെക്റ്റിനെതിരെ മല്‍സരത്തിനിറങ്ങിയത്. പത്താം മിനുട്ടില്‍ ഹെന്റിക് മികിതര്യാന്‍, ആന്‍ഡെര്‍ലെക്റ്റിന്റെ ഗോള്‍വലയില്‍ പന്തെത്തിച്ച് യുണൈറ്റഡിന്റെ ആദ്യഗോള്‍ നേടി. പോള്‍ പോഗ്ബയുടെ പാസ്സ് സ്വീകരിച്ച റാഷ്ഫഡ്, പന്ത് മികിതര്യാന് കൈമാറി. പാസ്സ് സ്വീകരിച്ച മികിതര്യാന്‍ തകര്‍പ്പന്‍ അടിയിലൂടെ ആന്‍ഡെര്‍ലെക്റ്റ് ഗോളി റുബെനെ കീഴടക്കി ടീമിനെ മുന്നിലെത്തിച്ചു

എന്നാല്‍ 32 ആം മിനുട്ടില്‍ ആന്‍ഡെര്‍ലെക്റ്റ് തിരിച്ചടിച്ചു. സോഫിയാനെ ഹന്നിയിലൂടെ ആന്‍ഡെര്‍ലെക്റ്റ് മല്‍സരത്തില്‍ ഒപ്പമെത്തി. ആന്‍ഡെര്‍ലെക്റ്റ് താരത്തിന്റെ ഷോട്ട് ഗോള്‍പോസ്റ്റിലിടിച്ച് തിരിച്ചുവന്നപ്പോള്‍, പോസ്റ്റിന് മുന്നിലെ കൂട്ടപ്പൊരിച്ചിലിനിടെ ഹന്നി പന്ത് യുണൈറ്റഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു.

ഇടവേളയ്ക്കുശേഷം യുണൈറ്റഡ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. റാഷ്ഫഡ്, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, മൗറെന്‍ ഫെല്ലെയ്‌നി എന്നിവരുടെ നീക്കങ്ങളെല്ലാം ആന്‍ഡെര്‍ലെക്റ്റ് ഗോളി റുബെന്‍ തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് മല്‍സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ 107 ആം മിനിറ്റില്‍ റാഷ്ഫഡ് മല്‍സരത്തിന്റെ സമനിലക്കുരുക്ക് അഴിച്ചു. ഫില്ലെയ്‌നിയുടെ പാസ്സ് ഗോളിലേയ്ക്ക് തിരിച്ചുവിട്ട് മാര്‍കസ് റാഷ്ഫഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചരിത്രത്തിലാദ്യമായി യുറോപ്പ ലീഗിന്റെ സെമിയിലെത്തിച്ചു.


മല്‍സരത്തിനിടെ പ്രതിരോധനിര താരം മാര്‍കോസ് റോജോയ്ക്കും, സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ചിനും പരിക്കേറ്റത് മാഞ്ചസ്റ്ററിന് തിരിച്ചടിയാണ്. മല്‍സരത്തിന്റെ ആദ്യപകുതിയിലാണ് റോജോയ്ക്ക് പരിക്കേറ്റത്. മല്‍സരത്തിന്റെ അവസാനനിമിഷത്തിലാണ് ഇബ്രാഹിമോവിച്ചിന് കാല്‍മുട്ടിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവര്‍ക്കും തുടര്‍ന്നുള്ള മല്‍സരങ്ങലില്‍ കളിക്കാനായേക്കില്ല. ഇത് യൂറോപ്പ ലീഗ് കിരീടം ലക്ഷ്യമിടുന്ന യുണൈറ്റഡിന് തിരിച്ചടിയാണ്.


സെമിയില്‍ സ്പാനിഷ് ക്‌ളബ് സെല്‍റ്റ ഡി വിഗോയാണ് യുണൈറ്റഡിന്റെ എതിരാളികള്‍. മറ്റു മല്‍സരങ്ങളില്‍ അയാക്‌സ്, ഒളിമ്പിക് ല്യോണ്‍ ടീമുകളും വിജയം നേടി സെമിയില്‍ കടന്നു.

DONT MISS
Top