ബിഎസ്എന്‍എല്‍ മൂന്ന് കിടിലന്‍ പ്ലാനുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു; കുറഞ്ഞ തുകയുടെ റീച്ചാര്‍ജില്‍ ദിവസേന 3 ജിബി 3ജി ഡേറ്റ നല്‍കും

പ്രതീകാത്മക ചിത്രം

ജിയോ തരംഗം സൃഷ്ടിച്ച് എത്തിയപ്പോള്‍ ഒരു പരിധിവരെ ജിയോയോട് നേരിട്ട് മത്സരിച്ചത് ബിഎസ്എന്‍എല്ലാണ്. 2ജി നേരത്തെതന്നെ ഒഴിവാക്കിയ കമ്പനി 3ജിയിലാണ് എല്ലാ ഓഫറുകളും തന്നത്. മാത്രമല്ല, മറ്റെല്ലാവരും 4ജി ഫോണ്‍ ഉള്ളവരെ മാത്രം പരിഗണിച്ചപ്പോള്‍ ബിഎസ്എന്‍എല്‍ 3ജി ഫോണുള്ളവര്‍ക്കും നല്ല ഓഫര്‍ തന്നു.

ദിവസേന 2ജിബി 3ജി ഡേറ്റ തരുന്ന ഓഫര്‍ 339 രൂപയ്ക്ക് തന്നതും മറ്റാരുമല്ല. 3ജി ഫോണ്‍ ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കായി. ഇപ്പോഴിതാ മറ്റ് മൂന്ന് കിടിലന്‍ ഓഫറുകള്‍ കൂടി പ്രഖ്യാപിക്കാനൊരുങ്ങുന്നു ബിഎസ്എന്‍എല്‍. ഇവ നിലവിലുള്ള 339 രൂപയുടെ ഓഫറിനെ കടത്തിവെട്ടുന്നതാണ്.

349, 333, 385 എന്നീ തുകകളിലാണ് പുതിയ ഓഫറുകള്‍ വരുന്നത്. ഇതില്‍ 333 രൂപയുടെ പ്ലാനില്‍ ദിവസേന 3ജിബി 3ജി ഡേറ്റ ഉപയോഗിക്കാം. എന്നാല്‍ ഇതില്‍ സൗജന്യ കോളുകള്‍ ഒന്നുമുണ്ടാവില്ല. നെറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ഇത് ധാരാളമാണ്.

349 രൂപയുടെ പ്ലാനിന് നിലവിലെ 339 രൂപയുടെ പ്ലാനുമായി സാമ്യമുണ്ട്. 2ജിബി ഡേറ്റ ദിവസേനയുണ്ട്. കോളുകളും ലഭിക്കുമെങ്കിലും അത് കേരളത്തിനുള്ളില്‍ മാത്രമുള്ള നമ്പരുകളിലേക്ക് മാത്രമേ ലഭിക്കൂ. പക്ഷേ കോളുകള്‍ക്ക് പരിധിയില്ല. ഇങ്ങനെ ധാരാളം പ്രത്യേകതകള്‍ ഈ ഓഫറിനുണ്ട്.

385 രൂപയുടെ ഓഫറിന് ദിവസേന 2 ജിബി ഡേറ്റയാണ് ലഭിക്കുന്നതെങ്കിലും ബിഎസ്എന്‍എല്‍ നമ്പരുകളിലേക്ക് 3000 മിനുട്ട് കോളും മറ്റ് നെറ്റ് വര്‍ക്കുകലിലേക്ക് 1800 മിനുട്ട് കോളും ലഭിക്കും. എങ്ങനെ നോക്കിയാലും ജിയോയെയും മറ്റ് സ്വകാര്യ ടെലക്കോം സേവന ദാതാക്കളേയും വെല്ലുന്ന ഓഫര്‍തന്നെയാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല, 3ജി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതല്ലാതെ മറ്റ് നല്ല ഓഫറുകളൊന്നുമില്ല എന്നതും ഈ ഓഫറുകളെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുമെന്നുറപ്പ്.

DONT MISS
Top