കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ റദ്ദാക്കാന്‍ വൈറ്റ്ഹൗസിന്റെ വെബ്‌സൈറ്റില്‍ ഇന്ത്യക്കാരുടെ പരാതി

വി ദ പീപ്പിളില്‍ നിലവിലുള്ള ഓണ്‍ലൈന്‍ പരാതി

വാഷിങ്ടണ്‍: പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിനെ രക്ഷിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യക്കാര്‍ വൈറ്റ്ഹൗസ് പെറ്റീഷന്‍ തയ്യാറാക്കി. വി ദ പീപ്പിള്‍ എന്ന വൈറ്റ്ഹൗസിന്റെ ഓണ്‍ലൈന്‍ പരാതി വെബ്‌സൈറ്റിലാണ് യുഎസിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് എസ്എസ് എന്ന പേരില്‍ പരാതി ഫയല്‍ ചെയ്തത്. ഏപ്രില്‍ 14നാണ് പരാതി പുറത്തിറക്കിയത്.

കുല്‍ഭൂഷണ്‍ ഇന്ത്യയുടെ റോ ഏജന്റായി പാകിസ്താനില്‍ ചാരപ്രവൃത്തി നടത്തിയെന്ന പാകിസ്താന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് പരാതിയില്‍ പറയുന്നു. ചെയ്യാത്ത കുറ്റത്തിന് കുല്‍ഭൂഷണ്‍ ശിക്ഷിക്കപ്പെടരുതെന്ന് ഉറപ്പാക്കാന്‍ വേണ്ട ഇടപെടലുകള്‍ വൈറ്റ്ഹൗസ് നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. രണ്ടായിരത്തിലേറെപ്പേര്‍ ഇതിനകം പരാതിയില്‍ ഒപ്പുവെച്ചു.

മെയ് 14നു മുമ്പായി ഒരു ലക്ഷത്തോളം പേരുടെ ഒപ്പുകള്‍ ശേഖരിച്ചാലേ പരാതി ട്രംപ് ഭരണകൂടത്തിന്റെ പരിഗണനക്ക് യോഗ്യത നേടുകയുള്ളൂ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഒന്നുകൂടി ഉലക്കുന്നതാണ് പാക് ഭരണകൂടം കുല്‍ഭൂഷണ് വധശിക്ഷ വിധിച്ച സംഭവം.

DONT MISS
Top