വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ അംഗീകരിക്കുന്നില്ല, കുരിശ് നീക്കം ചെയ്ത രീതി വേദനിപ്പിച്ചുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി


കോട്ടയം: സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ ഭൂമി കൈയ്യേറി സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്ത രീതി വേദനയുണ്ടാക്കിയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. എന്നാല്‍ വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്ന അടയാളമാണ്. എന്നാല്‍ വനഭൂമി കൈയ്യേറുന്നതിനെ സഭ ന്യായീകരിക്കുന്നില്ല. വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയുമല്ല.

എല്ലാ മതവിഭാഗങ്ങളും പൊതുസ്ഥലങ്ങളില്‍ അവരുടേതായ ചില കാര്യങ്ങള്‍ സ്ഥാപിക്കുന്ന രീതി ദശകങ്ങളായി ഉണ്ടായിരുന്നു. ഇപ്പോള്‍ അവയ്‌ക്കെതിരെ സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടി എടുക്കുകയായിരിക്കും. എന്തായാലും ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാണ്.

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുമെന്ന ആശങ്കകൊണ്ടാകും മുഖ്യമന്ത്രി കുരിശ് പൊളിച്ചതിനെതിരെ പ്രതികരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അതില്‍ തെറ്റില്ലെന്നും കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയതായി അദ്ദേഹവും ചൂണ്ടിക്കാട്ടി.

DONT MISS
Top