അഫ്ഗാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി സൂചന

ദില്ലി: അഫ്ഗാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ മലയാളി കൊല്ലപെട്ടതായി റിപ്പോര്‍ട്ടുകള്‍. ഐ എസ് കമ്മാന്‍ഡര്‍ സജീര്‍ മംഗലശ്ശേരി അബ്ദുല്ലയാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രഹസ്യാന്വേഷ ഏജന്‍സികളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതു സംബന്ധിച്ച വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടില്ല.

കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയാണ് സജീര്‍ മംഗലശ്ശേരി അബ്ദുള്ള. കോഴിക്കോട് എന്‍ഐടിയില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം ജോലി തേടി സൗദിയിലെത്തിയ ഇദ്ദേഹം അവിടെ നിന്നാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്. കേരളത്തില്‍ നിന്നും അഫ്ഗാനിലെ ഐഎസ് ക്യാമ്പിലേക്ക് പരിശീലനത്തിനുപോയ 21 പോരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ അഫ്ഗാനിസ്ഥാനില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ശക്തികേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 13 ഇന്ത്യക്കാര്‍ കൊലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പോയതായുള്ള സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഔദ്യോഗികമായി ഇങ്ങനെ ഒരു സൂചനയും ഇല്ലെന്നാണ് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലേ പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിയെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് വിവരം ശേഖരിക്കുന്നുണ്ട് എന്നാണ് സൂചന.

DONT MISS
Top