കുട്ടികളെ നിങ്ങള്‍ ലൈംഗിക അതിക്രമങ്ങളെ നേരിടേണ്ടത് ഇങ്ങനെ : ജൂഡ് ആന്റണി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘നോ ഗോ ടെല്‍’ പുറത്ത്‌

‘നോ ഗോ ടെല്‍’ ഹ്രസ്വ ചിത്രം

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ നോ ഗോ ടെല്‍’ എന്ന  ഹ്രസ്വ ചിത്രം പുറത്ത്. കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ എങ്ങനെ നേരിടണമെന്നാണ് ഹ്രസ്വ ചിത്രം സംസാരിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക ചൂഷണത്തെ ചെറുക്കാനുള്ള സുരക്ഷ പ്രക്രിയകള്‍ വിശിദീകരിച്ചു നല്‍കുന്നത്.

കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന സാഹചര്യത്തില്‍ കുട്ടികളോട് കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഈ വീഡിയോ സഹായിക്കുമെന്ന് ജൂഡ് തന്റ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിവിന്‍പോളി , സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പ്രതിഫലം മേടിക്കാതെയാണ് ഹ്രസ്വ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബോധിനി മെട്രോപൊളീസ് ചാരിറ്റിബിള്‍ ട്രസ്റ്റും, മുത്തൂറ്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ശരീരത്തില്‍ തെറ്റായ സ്പര്‍ശനം നേരിടേണ്ടി വന്നാല്‍ ആദ്യമായി നോ എന്ന് വിളിച്ചു പറയണമെന്നും, പിന്നീട് രക്ഷിതാക്കളുടെ അടുത്തേക്കോ, വിശ്വസ്തരായ ആളുകളുടെ അരികിലേക്കോ ഒാടി പോകണമെന്നും, അവരോട് നടന്ന സംഭവങ്ങള്‍ തുറന്ന് പറയണമെന്നും നിവിന്‍ പോളി കുട്ടികളോട് തന്മയത്വത്തോടെ പറഞ്ഞു കൊടുക്കുന്നതാണ് ചിത്രത്തിലെ രംഗങ്ങള്‍. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പാര്‍ക്കിലാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്.

ഈ ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനായ് സുഭാഷ് പാര്‍ക്ക് വിട്ടു തരണമെന്ന ആവശ്യവുമായി ജൂഡ് കൊച്ചി മേയറെ സമീപിക്കുകയും, അനുവാദം നിഷേധിച്ച കൊച്ചി മേയറെ ജൂഡ് അപമാനിച്ചെന്ന് ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ബാലവകാശ കമ്മീഷനും, ആരോഗ്യമന്ത്രി ശൈലജ ടീച്ചറും നല്‍കിയ പൂര്‍ണപിന്തുണയ്ക്കു ജൂഡ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നന്ദി അറിയിച്ചിട്ടുണ്ട്.

‘നോ ഗോ ടെല്‍’ ഹ്രസ്വ ചിത്രം

DONT MISS
Top