മൂന്നാറിലെ ഭീമന്‍കുരിശ് പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി

തിരുവനന്തപുരം: സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരശ് പൊളിച്ചുമാറ്റിയ നടപടിയില്‍ കടുത്ത അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തി അറിയിച്ചു. കുരിശ് പൊളിച്ചുമാറ്റേണ്ടിയിരുന്നില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ മതിയായിരുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. റവന്യൂസംഘം കൂടുതല്‍ ജാഗ്രത കാട്ടണമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമിയിലുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൈയ്യേറ്റങ്ങളിലെ നിര്‍മാണങ്ങള്‍ പൊളിക്കേണ്ടതില്ലെന്നും ഏറ്റെടുത്താല്‍ മതിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടുക്കി ജില്ലാ കളക്ടര്‍ ആര്‍ എസ് ഗോകുലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പാപ്പാത്തി ചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍കുരിശ് റവന്യൂസംഘം പൊളിച്ചുനീക്കിയത്. നേരത്തെ പ്രാദേശിക സിപിഐഎം, കോണ്‍ഗ്രസ് നേതാക്കള്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ജെസിബി ഉപയോഗിച്ചാണ് കുരിശ് താഴെയിട്ടത്. പൊളിച്ച് മാറ്റാന്‍ ആദ്യം ചുറ്റികകൊണ്ടും, പിന്നീട് ട്രാക്ടറെത്തിച്ച് ഡ്രില്ല് ചെയ്തതിനും പിന്നാലെയാണ് ജെസിബി ഉപയോഗിച്ച് കുരിശ് വളച്ച് താഴെയിട്ടത്. കുരിശിന് സമീപമുള്ള താത്കാലിക ഷെഡ് സംഘം പൊളിച്ച് തീയിട്ടു. അതേസമയം, കുരിശിന് സമീപം പള്ളിക്ക് വേണ്ടി നിര്‍മ്മിക്കുന്ന താത്കാലിക കെട്ടിടവും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതും പൊളിച്ചുനീക്കാനാണ് സംഘത്തിന്റെ തീരുമാനം.

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഇടപെടലിന്റെ ഭാഗമായി വന്‍ ഉദ്യോഗസ്ഥ-പൊലീസ് സംഘം എത്തിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിശ്വാസികളുടെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുരിശടിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുന്നുണ്ട്. നിരോധനാജ്ഞയുള്ളതിനാല്‍ പൊലീസ് ഇവരെ തടയുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിക്കല്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടത്. അതേസമയം, ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വാഹനങ്ങള്‍ റോഡിലിട്ട് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയാണ് സംഘം ഇപ്പോള്‍ കയ്യേറ്റ സ്ഥലത്തെത്തിയത്. കനത്ത തണുപ്പിനെ വകവെക്കാതെയാണ് സംഘം മല കയറിയത്. ഒഴിപ്പിക്കല്‍ നടക്കുന്നുവെങ്കിലും ഇതുവരെ വിശ്വാസികള്‍ ഇതിനെതിരെ പരസ്യമായി സംഘടിച്ച് എത്തിയിട്ടില്ല. അതേസമയം മൂന്നാറിലുള്ളവരല്ല കുരിശടി സ്ഥാപിച്ചതെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ വലിയ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വളരെ ദൂരെനിന്നും കാണാവുന്ന സ്ഥിതിയിലായിരുന്നു കുരിശ് സ്ഥാപിച്ചത്. ഭൂമി കയ്യേറിയാണ് കുരിശടി നിര്‍മ്മിച്ചതെന്ന് മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു. ആദ്യം തന്നെ കുരിശടി നീക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നീക്കം. ആരാധാനലയങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കൈയ്യേറ്റം ഒഴിപ്പിക്കാന്‍ അറച്ചുനില്‍ക്കില്ലെന്ന സൂചനയാണ് ഇതിലൂടെ സര്‍ക്കാര്‍ കൈയ്യേറ്റക്കാര്‍ക്ക് നല്‍കുന്നത്. മന്ത്രി എംഎം മണിയും സിപിഐഎമ്മും ഉള്‍പ്പെടെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോഴാണ് ഈ കൈയ്യേറ്റമൊഴിപ്പിക്കല്‍ നീക്കമെന്നതും ശ്രദ്ധേയമാണ്. വിഎസ് ഭരണകാലത്ത് സമാനമായ രീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് സംഘത്തിനും സര്‍ക്കാരിനും പിന്തിരിയേണ്ടിവന്നിരുന്നു, ഋഷിരാജ് സിംഗിനും സുരേഷ്‌കുമാറിനും സാധിക്കാത്തത് ശ്രീറാം വെങ്കിടരാമന് കഴിയുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത്.

അതേസമയം, നീക്കത്തിനെതിരെ സിപിഐഎം നേതാവ് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തി. പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയ്യേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം, അതിന് പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നതെന്തിനെന്ന് അദ്ദേഹം ചോദിക്കുന്നു. ഭൂമി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്, മറ്റുള്ളവര്‍ പ്രവേശിക്കുന്നത് നിരോധിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെയും രൂക്ഷമായ ഭാഷയിലാണ് എസ് രാജേന്ദ്രന്‍ കടന്നാക്രമിച്ചത്.

DONT MISS
Top