‘ലാലേട്ടനെ തൊട്ടാല്‍ സക്കര്‍ബര്‍ഗ് വരെ പണിതരും മോനേ’; മോഹന്‍ലാലിനെതിരെയുള്ള കെആര്‍കെയുടെ പോസ്റ്റ് റിമൂവ് ചെയ്ത് ഫെയ്‌സ്ബുക്ക്

കെആര്‍കെ ആദ്യം പോസ്റ്റ് ചെയ്തതും, റിമൂവ് ചെയ്തെന്ന ഇപ്പോളത്തെ അറിയിപ്പും

കൊച്ചി: പൊങ്കാലയെന്നാല്‍ ആറ്റുകാല്‍ പൊങ്കാല പോലും തോറ്റുപോകുമിവിടെ. കെആര്‍കെ ആരാണെന്ന് ഒരുപിടിയുമില്ലാത്തവര്‍ പോലും അഞ്ഞുപിടിച്ചു പേജിലേക്ക്. പിന്നെ തെറിവിളിയും ബഹളവും. ആയിരക്കണക്കിനാളുകളാണ് ആച്ഛനെ വിളിച്ചുകൊണ്ട് കെ ആര്‍കെയുടെ പേജിലെത്തിയത്. തെറിവിളിക്കുന്നവരെ തിരിച്ചുവിളിച്ച് കെ ആര്‍കെയും രംഗത്തെത്തി. മലയാളികള്‍ക്ക് തെറിവിളിക്കാനേ അറിയൂ എന്ന് പറയുന്നവരോട്, അതിന് മാത്രമല്ല റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് റിമൂവ് ചെയ്യിക്കാനും തങ്ങള്‍ക്കറിയാമെന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്. ഇവിടെ മാത്രമല്ല, അങ്ങ് സക്കര്‍ബര്‍ഗ് അണ്ണന്‍റെ അടുത്തുവരെ പിടിയുണ്ടെന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്.

മാസ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് കമല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫെയ്‌സ്ബുക്കിലിട്ടത്. വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്‌റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ പോസ്റ്റ് റിമൂവ് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസ്റ്റുകള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പൊതുവേ റിമൂവ് ചെയ്യുക. ഇത്തരത്തില്‍ മേലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ കെആര്‍കെയ്ക്ക് മുന്നറിയിപ്പും നല്‍കും. അതേസമയം ഫെയ്‌സ്ബുക്കില്‍ കെആര്‍കെയുടെ പേജിലെ പൊങ്കാലയും തെറിവിളിയും പൂര്‍വാധികം ശക്തിയായി തുടരുകയാണ്.

വിഷയത്തില്‍ പച്ചത്തെറിവിളിച്ചുപറഞ്ഞാണ് കെആര്‍കെ ട്വിറ്ററില്‍ പലപ്പോളും എത്തിയത്. മലയാളികളുടെ പൊങ്കാലയില്‍ തനിക്ക് ശല്യമാകുന്നു എന്ന് പറയാതെയുള്ള പറച്ചിലായി കെആര്‍കെയുടെ പല ട്വീറ്റുകളും. എന്നാല്‍ പൊങ്കാലയിടുന്നവരെ കൂടുതല്‍ പ്രകോപിപ്പിക്കാനേ ഇത് ഉതകൂ എന്ന് മനസിലാക്കാന്‍ സാധിക്കാതെയാണ് വീണ്ടും ഇത്തരം അഭിപ്രായങ്ങളുമായുള്ള കമാല്‍ റാഷിദ് ഖാന്റെ ട്വിറ്ററിലെ വരവ്.

രാം ഗോപാല്‍ വര്‍മച്ചിത്രങ്ങളില്‍ മോഹന്‍ലാലിനെ ഒരു കോമാളിയായിട്ടാണ് താന്‍ കണ്ടത് എന്നും പുതിയ ട്വീറ്റില്‍ പറയുന്നു. മണ്ടന്മാരായ മോഹന്‍ലാല്‍ ആരാധകരേ മധുര്‍ ഭണ്ഡാകറിനുപോലും 3 ദേശീയവാര്‍ഡും പദ്മശ്രീയുമുണ്ട്. ട്വിറ്ററില്‍ 1.7 മില്യന്‍ ആരാധകരേ മോഹന്‍ലാലിനുള്ളൂ തനിക്ക് 3.7 മില്യന്‍ ആരാധകരുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആരാധകരെ പച്ചത്തെറിവിളിക്കാനും ആരാണ് കൂടുതല്‍ വലിയ താരമെന്ന് പറയൂ എന്നുപറഞ്ഞ് വെല്ലുവിളിക്കാനും കെആര്‍കെ മുതിര്‍ന്നു.

മോഹന്‍ലാലിനെ കണ്ടാല്‍ ഛോട്ടാഭീമിനെ പോലെയാണെന്നും അതുകൊണ്ട് താങ്കള്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുംമെന്നുമുള്ള കെആര്‍കെയുടെ ട്വീറ്റാണ് വിവാദത്തിനി തിരികൊളുത്തിയത്. എന്തിനാണ് ബിആര്‍ ഷെട്ടിയുടെ പണം പാഴാക്കുന്നതെന്നും കെആര്‍കെ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. കെആര്‍കെയുടെ ട്വീറ്റ് ലാലേട്ടന്‍ ആരാധകര്‍ക്ക് പൊങ്കലായ്ക്കുള്ള വക നല്‍കിയിരുന്നു. പരിഹാസങ്ങളും തെറിവിളികളുമായി കെആര്‍കെയുടെ ട്വീറ്റിന് താഴെ വലിയ ബഹളം തന്നെ അരങ്ങേറിയ ട്രോള്‍ ബഹളവും അരങ്ങേറി. ഇതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ഛോട്ടോബീമിനെക്കാളും മോശമാണെന്ന നിലയിലായി അദ്ദേഹത്തിന്റെ പ്രചരണങ്ങള്‍. ഇതാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് തന്നെ റിമൂവ് ചെയ്തിരിക്കുന്നത്.

DONT MISS
Top