‘പുറത്ത് നിന്നുമുള്ള ഒരുത്തനും ലാലേട്ടനെ ട്രോളണ്ട’ കമാല്‍ ആര്‍ ഖാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ മമ്മൂട്ടി ആരാധകരുടെ പൊങ്കാല

ഫെയ്‌സ്ബുക്ക് കമന്റെുകളില്‍ നിന്ന്‌

മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രം ഛോട്ടാ ഭീമിനോട് ഉപമിച്ച കമാല്‍ ആര്‍ ഖാന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിന് കീഴില്‍ ലാലേട്ടന്‍ ഫാന്‍സിന്റെ പൊങ്കാലയ്ക്ക് ശേഷം കെആര്‍കെയെ പഞ്ഞിക്കിടാന്‍ മമ്മൂട്ടി ഫാന്‍സ് രംഗത്ത്. കട്ട മമ്മൂട്ടി ഫാന്‍സ് എന്ന ഹാഷ്ടാഗിലാണ് മോഹന്‍ലാലിനെ പിന്തുണച്ച് ആരാധകര്‍ പോസ്റ്റിന് കമന്റുകള്‍ നിറയ്ക്കുന്നത്. തങ്ങള്‍ കേരളത്തില്‍ ചേരിതിരിഞ്ഞ് ഫാന്‍സ് പോര് നടത്തുമെങ്കിലും പുറത്ത് നിന്നുമുള്ള ഒരാളും ലാലേട്ടനെ ട്രോളണ്ട എന്നാണ് മമ്മൂട്ടി ഫാന്‍സ് നല്‍കുന്ന താക്കീത്. മോഹന്‍ലാലും, മമ്മൂട്ടിയും മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണെന്നും അവരെ പരിഹസിക്കാനുള്ള എന്ത് യോഗ്യതയാണ് കമാല്‍ ആര്‍ ഖാന് ഉള്ളതെന്നും ചിലര്‍ ചോദിക്കുന്നു.

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന, ഇതിഹാസ നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കിയുള്ള ചിത്രം വന്‍ ബജറ്റില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തീപോലെയാണ് ഇന്ത്യയൊട്ടാകെ പ്രചരിച്ചത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നുകേട്ടു.

ഛോട്ടാഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും, നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയും പാഴ് ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ റെക്കോര്‍ഡുകളുടെ പേരിലുള്ള ഇരു ഫാന്‍സ് അസോസിയേഷനുകളുടെയും വെല്ലുവിളി വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കമാലിന്റെ പരിഹാസ മുനയൊടിക്കാന്‍ ആരാധകവൃന്ദം ഒരുമിച്ചുവന്നിരിക്കുന്നത്.

വിവാദ ട്വീറ്റുകള്‍ കൊണ്ട് പേജ് ത്രീ വാര്‍ത്തകളില്‍ സ്ഥിരം സാന്നിധ്യമായ കമാല്‍ ആര്‍ ഖാന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ബോളിവുഡ് ലോകം പൊതുവെ മുഖവില നല്‍ക്കാറില്ല. ആയിരം കോടി മുതല്‍മുടക്കില്‍ മഹാഭാരത് എന്ന് പേരിട്ടിരിക്കുന്ന രണ്ടാമൂഴത്തിന്റെ സിനിമ പതിപ്പ് ബിആര്‍ ഷെട്ടി എന്ന യൂഎഇ എക്‌സ്‌ചേഞ്ച് ചെയര്‍മാനാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം. 2020ല്‍ രണ്ട് ഭാഗങ്ങളായ് ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട്.

കമന്റെുകളില്‍ ചിലത്‌

DONT MISS
Top