“ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കും വേണ്ടി, മേല്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രമല്ല” കൃത്യമായ മുനവച്ച് സുക്കര്‍ബര്‍ഗ്

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

കൃത്യമായ സമയത്ത് സ്‌നാപ്പ് ചാറ്റിന്റെ നെഞ്ചില്‍ കുത്തി ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഉടമസ്ഥനായ സുക്കര്‍ബര്‍ഗ്. സ്‌നാപ്പ് ചാറ്റ് സിഇഒയുടെ ഇന്ത്യയേപ്പോലുള്ള ദരിദ്ര രാജ്യങ്ങളില്‍ ശ്രദ്ധയൂന്നില്ല എന്നതരത്തിലുള്ള സംസാരം ആപ്ലിക്കേഷന്റെ റേറ്റിംഗും കളഞ്ഞുകുളിച്ച് പൊങ്കാലയും ഏറ്റുവാങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് സുക്കര്‍ബര്‍ഗ് കൃത്യമായി സ്‌കോര്‍ ചെയ്തത്. ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കും വേണ്ടിയാണ് അല്ലാതെ സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ ഉള്ളവര്‍ക്കുമാത്രമല്ല എന്നാണദ്ദേഹം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അല്ലാതെ സമൂഹത്തിലെ മേല്‍ത്തട്ടില്‍ മാത്രമുള്ളവര്‍ക്ക് മാത്രമല്ല. സമൂഹത്തിലെ എല്ലാവര്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകതന്നെ വേണം. ഫെയ്‌സ്ബുക്കില്‍ പുതുമകളൊന്നും വരുന്നേയില്ലല്ലോ എന്നുള്ള ചോദ്യത്തിന് വ്യത്യസ്ത ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈറ്റ് പോലുള്ളവ ഏറെ ഇഷ്ടപ്പെടുന്നു. ഇനി അത്തരത്തില്‍ ശ്രദ്ധയൂന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു

ഇന്ത്യയെ അധിക്ഷേപിക്കുന്ന തരത്തില്‍ സ്‌നാപ്പ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗല്‍ സംസാരിച്ചു എന്നുള്ളത് ചില്ലറ പുകിലൊന്നുമല്ല സൃഷ്ടിച്ചത്. സ്പീഗലിന്റെ വേരിഫൈ ചെയ്യാത്ത ട്വീറ്റര്‍ പേജില്‍ നിന്ന്, ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായെന്ന് അദ്ദേഹത്തിന്റെ മുന്‍ജീവനക്കാരനാണ് പരാതി നല്‍കിയത്. ആപ്പ് പണക്കാര്‍ക്ക് വേണ്ടി മാത്രമാണ്, ഇന്ത്യയെയും സ്‌പെയിനെയും പോലുള്ള ദരിദ്രരാഷ്ട്രങ്ങളിലേക്ക് തങ്ങള്‍ വ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവെന്നും ആന്തണി പോംപ്ലിയാനോ ആരോപിക്കുന്നു. ഈ വാര്‍ത്ത പ്രചരിച്ചതോടെ ഇന്ത്യക്കാര്‍ സജീവമായി രംഗത്തിറങ്ങി.

രോഷം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും അണപൊട്ടിയൊഴുകിയപ്പോള്‍, പതിവുപോലെ മലയാളി അതും ആഘോഷമാക്കി. സ്‌നാപ്പ്ചാറ്റിനെ കിട്ടിയയിടത്തെല്ലാം പച്ചത്തെറി വിളിച്ചായിരുന്നു മലയാളിയുടെ പ്രതികാരം. ഒപ്പം ഗൂഗിള്‍ പ്ലേ സ്റ്റോറിലും മലയാളികളുടെ നേതൃത്വത്തില്‍ ചീത്തവിളി അഭിഷേകം അരങ്ങുതകര്‍ക്കുകയാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു, ശേഷം ആപ്പിന് ഏറ്റവും ചെറിയ റേറ്റിംഗ് നല്‍കുന്നു, ഇതാണ് മറ്റൊരു പ്രധാന പരിപാടി.

ഇത്തരത്തില്‍ 4.7ഓളമുണ്ടായിരുന്ന റേറ്റിംഗ്, 3.9 ലെത്തിക്കാന്‍ പൊങ്കാല ടീമിന് കഴിഞ്ഞു. പതിനാറരലക്ഷത്തോളം ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരത്തില്‍ റേറ്റിംഗ് വോട്ട് ചെയ്ത്, ആപ്പിനെ അപ്രിയമാക്കാന്‍ മുന്നിട്ടിറങ്ങിയത്. അതേസമയം സ്‌നാപ്പ്ചാറ്റിന് പകരം സ്‌നാപ്പ്ഡീലിന് പൊങ്കാല ഇട്ടവരും കുറവല്ല. നിനച്ചിരിക്കാത്ത പണികിട്ടിയ സ്‌നാപ്പ് ഡീല്‍ എങ്ങനെയാണ് ഇക്കാര്യം നേരിടേണ്ടത് എന്നറിയാതെ കുഴങ്ങുകയാണ്. സ്‌നാപ്പ് എന്ന പേരുകാരണം സ്‌നാപ്പ് ഡീലിന് സ്‌നാപ് ചാറ്റുമായി ബന്ധമുണ്ടോ എന്നാണ് ഉപയോക്താക്കളുടെ സംശയം. രണ്ടും ഒരു കമ്പനിയുടെ ആപ്ലിക്കേഷനുകളാണോ എന്നും ചിലര്‍ സംശയിക്കുന്നു.

DONT MISS
Top