ശിരോവസ്ത്രം ഉപേക്ഷിക്കുന്നതിന് പിതാവിനോട് അനുവാദം ചോദിച്ച മകള്‍ക്ക് ലഭിച്ച മറുപടി സോഷ്യല്‍ മീഡിയയില്‍ ‘ഹിറ്റ്’

ദില്ലി: മതാചാരങ്ങളെ അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമുക്കിടയില്‍ അധികവും. എത്ര ലിബറലാണെന്ന് പറഞ്ഞാലും മത ചിന്തകളേയും ആചാരങ്ങളേയും മാറ്റി നിര്‍ത്തി ജീവിക്കാന്‍ പലരും ഭയപ്പെടുന്നു. ഇതിനിടയില്‍ ഒരു അച്ഛന്റേയും മകളുടേയും സംഭാഷണം വൈറലായിരിക്കുകയാണ്. മുസ്‌ലീം സമുദായത്തില്‍പ്പെട്ട പതിനേഴുകാരി ശിരോവസ്ത്രം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് പിതാവിനോട് അനുവാദം ചോദിച്ച്, അദ്ദേഹം നല്‍കുന്ന മറുപടി മാറുന്ന കാഴ്ചപ്പാടുകളെയാണ് സൂചിപ്പിക്കുന്നത്.

പെന്‍സില്‍വാനിയ സ്വദേശിനിയായ ലമ്യാ അല്‍ഷെഹ്രിയാണ് പിതാവിന് ട്വിറ്ററിലൂടെ മെസേജ് അയച്ചത്. തനിക്ക് പിതാവിനോട് ഒരു കാര്യം പറയാനുണ്ട് എന്ന മുഖവുരയോടെയായിരുന്നു ലമ്യയുടെ ആദ്യ ട്വീറ്റ്. അതിന് മറുപടിയായി ‘പറയൂ ‘ എന്ന മറുപടി പിതാവ് നല്‍കി. തനിക്ക് ശിരോവസ്ത്രം ഉപേക്ഷിക്കണമെന്ന് അടുത്ത ട്വീറ്റില്‍ ലമ്യ പറഞ്ഞു.

ഇതിന് പിതാവ് നല്‍കിയ മറുപടി, ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് താനല്ലെന്നും ഒരാള്‍ക്കും അതിനു കഴിയില്ലെന്നും ലമ്യയുടെ പിതാവ് പറഞ്ഞു. നിനക്ക് എന്താണ് തോന്നുന്നത്, അതനുസരിച്ച് മുന്നോട്ട് പോകുക. തന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി. തന്റെ പിതാവിന്റെ മറുപടി മറ്റുള്ളവരും അറിയണമെന്ന് തോന്നിയതോടെ ലമ്യ അത് ട്വീറ്റ് ചെയ്തു. 3.2 ലക്ഷത്തോളം ലൈക്കാണ് നാല് ദിവസം കൊണ്ട് ട്വീറ്റിന് ലഭിച്ചത്. നിരവധിയാളുകള്‍ റി ട്വീറ്റ് ചെയ്യുകയും ചെയ്തു.

DONT MISS
Top