സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയില്‍ സമാപിക്കും; ജയരാജന്‍ വിട്ടു നിന്നു; ബന്ധുനിയമന വിവാദത്തില്‍ തീരുമാനം വൈകിയേക്കും

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയില്‍ സമാപിക്കും. ഇ പി ജയരാജന്റെ അഭാവത്തില്‍ ബന്ധു നിയമന വിവാദം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചക്ക് എടുക്കണമോ ഇന്ന് രാവിലെ ചേരുന്ന പോളിറ്റ് ബ്യുറോ യോഗം തീരുമാനിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ ജയരാജന്‍ സിസിയില്‍ പങ്കെടുക്കുന്നില്ലെന്ന പ്രത്യേക സാഹചര്യത്തിലാണു വിഷയം ചര്‍ച്ച ചെയ്യണമോ എന്ന് പിബി പരിഗണിക്കുന്നത്.

പാര്‍ട്ടി ഭരണഘടന പ്രകാരം പാര്‍ട്ടി അംഗത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ആരോപണങ്ങളും കുറ്റങ്ങളും ബന്ധപ്പെട്ട അംഗത്തിന്റെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അംഗത്തിന്റെ വിശദീകരണവും ആ ഘടകം കേള്‍ക്കും. ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനും, പി കെ ശ്രീമതിക്കും വീഴ്ച പറ്റി എന്ന നിലപാട് ആണ് ഒരു വിഭാഗം കേന്ദ്ര നേതാക്കള്‍ക്ക് ഉള്ളത്. എന്നാല്‍ ഇനി അച്ചടക്ക നടപടി ആവശ്യം ഇല്ല എന്ന് മറ്റൊരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ രാവിലെ ചേരുന്ന പിബി യോഗം നിര്‍ണ്ണായകമാണ്.

ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയാരാജന് തെറ്റ് പറ്റിയതായി കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗം വിലയിരുത്തിയിരുന്നു. എന്നാല്‍ ജയരാജനെയും പികെ ശ്രീമതിയുടെയും വിശീദീകരണം കേട്ട ശേഷം നടപടി സംബന്ധിച്ചതീരുമാനം എടുത്താല്‍ മതി എന്നായിരുന്നു പിബി കമ്മിറ്റിയില്‍ ധാരണ. ഇരുവരും കേന്ദ്ര കമ്മിറ്റിയില്‍ തങ്ങളുടെ നിലപാട് വിശീദികരിക്കും. താക്കീത് നല്‍കി വിവാദം അവസാനിപ്പിക്കാന്‍ ആണ് സാധ്യത.

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും സിപിഐഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യും. മതേതര-ജനാധിപത്യ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയെ രാഷ്ട്രപതിസ്ഥാനത്തേക്ക് നിശ്ചയിക്കണമെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള സാധ്യതയെ കുറിച്ചാണ് സിപിഐഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യുക.

DONT MISS
Top