യമുന തീരം നശിപ്പിച്ചതിന് ഉത്തരവാദികള്‍ ദില്ലി സര്‍ക്കാരും, ദേശീയ ഹരിത ട്രൈബ്യൂണലുമാണെന്ന് ശ്രീ ശ്രീ രവി ശങ്കര്‍

ശ്രീ ശ്രീ രവി ശങ്കര്‍

ദില്ലി: യമുന നദീതടം നശിപ്പിച്ചതിന് ഉത്തരവാദികള്‍ ദില്ലി സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. സാംസ്‌കാരിക സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് അവരാണെന്നും , അതിനാല്‍ തന്നെ ഏതെങ്കിലും തരത്തില്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ സര്‍ക്കാരും ട്രൈബ്യൂണലുമാണെന്നാണ് രവിശങ്കറിന്റെ വാദം.

പരിസ്ഥിതി നാശത്തിന്റെ പേരില്‍ പിഴ ചുമത്തണമെങ്കില്‍ അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും, ട്രൈബ്യൂണലില്‍നിന്നുമാണ് ഈടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യമുന നദീതടം പരിശുദ്ധവും, പ്രകൃതി ദുര്‍ബലവുമാണെങ്കില്‍ സാംസ്‌കാരിക സമ്മേളനം അനുവദിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നദികളുടെ സംരക്ഷണമാണ് ഓരോ സാംസ്‌കാരിക സമ്മേളനത്തിന്റെയും ലക്ഷ്യമെന്നും, 27 ലധികം നദികളുടെ പുനരുജ്ഞീവനം ആര്‍ട്ട് ഓഫ് ലിവിങ്ങിലൂടെ സാധിച്ചെന്നും, അതിലുപരി 71 മില്ല്യണ്‍ മരങ്ങള്‍ വെച്ചുപിടിക്കാനും തങ്ങള്‍ക്ക് സാധിച്ചെന്നും രവിശങ്കര്‍ കൂട്ടിചേര്‍ത്തു.

പരിപാടി സംഘടിപ്പിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ എല്ലാവിധ അനുമതിയും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമവും ലംഘിക്കാതെയാണ് തങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതെന്നും അത് നീതിക്ക് വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ ശ്രീ രവി ശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ലോക സാംസ്‌കാരിക സമ്മേളനം നടത്തിയതിനെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ട യമുനാതടം പഴയനില യിലാകാനും ഇവിടുത്തെ ജൈവവ്യവസ്ഥ തിരികെ കൊണ്ടുവരാനും പത്തു വര്‍ഷമെടുക്കുമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. നദീതടം നിലനിലനിര്‍ത്താന്‍ 42 കോടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പരിസ്ഥിതി നാശത്തിനുള്ള ഇടക്കാല നഷ്ട പരിഹാര മായി അഞ്ചു കോടി അടക്കാനും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു.

DONT MISS
Top