ശബ്ദമലിനീകരണം ആരോപിച്ച് പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതിയും ശിവസേനയും

പ്രതീകാത്മകചിത്രം

മുംബൈ: പള്ളികളിലും, ഗുരുദ്വാരകളിലുമുള്ള ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്ന സോനു നിഗത്തിന്റെ ട്വീറ്റിന് പിന്നാലെ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ജനജാഗൃതി സമിതിയും ശിവസേനയും.

മുസ്‌ലീം പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിനിടയാക്കുമെന്ന വാദം മുന്‍നിര്‍ത്തിയാണ് സംഘടന നിരോധനം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിന്ദു ജനജാഗൃതി സമിതി ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കി. ഉച്ചഭാഷിണിയുടെ ഉപയോഗം കേന്ദ്ര സംസ്ഥാന നിയമങ്ങളുടെ ശക്തമായ ലംഘനമാണെന്നും സമിതി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ ഒരു കാരണവശാലും ഇത് അനുവദിക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

മുംബൈ ഹൈക്കോടതി മുസ്‌ലീം പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പൊലീസ് കാര്യക്ഷമമായി വിഷയത്തില്‍ ഇടപെടുകയോ നടപടി കൈകൊള്ളുകയോ ചെയ്യ്തില്ലെന്നും സമിതിയുടെ വക്താവായ രമേഷ് ഷിന്‍ഡേ ആരോപിച്ചു.

ജനുവരി 28-ാം തീയതി ഇത് സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമാണ് ഉച്ചഭാഷിണികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് കണ്ടെത്താനായതെന്നും ഷിന്‍ഡേ പറഞ്ഞു. തങ്ങള്‍ ഒരു മതത്തിനും എതിരല്ലെന്നും, എന്നാല്‍ തങ്ങളുടെ എതിര്‍പ്പ് വിവേചനത്തിനെതിരാണെന്നും അവര്‍ ആരോപിച്ചു. ഗണേശോല്‍സവത്തിന്റെ സമയത്ത് ശബ്ദമലിനീകരണം ആരോപിച്ച് 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഷിന്‍ഡേ പറഞ്ഞു.

ഹിന്ദു ജനജാഗൃതി സമിതിയെ പിന്തുണച്ച് തൊട്ടുപിന്നാലെ ശിവസേനയും രംഗത്തെത്തി. ശബ്ദ മലിനീകരണം പ്രധാനപ്പെട്ട വിഷയമാണെന്നും മറ്റൊന്നും പരിഗണിക്കുന്നില്ലെന്നും ശിവസേന വ്യക്തമാക്കി.

DONT MISS
Top