‘കമ്പനിയുടെ’ പതിനഞ്ചാം വാര്‍ഷികത്തില്‍ മോഹന്‍ലാല്‍ പറയുന്നു, “വീണ്ടും ബോളിവുഡിലേക്ക് പോകാത്തതിന് കാരണമുണ്ട്‌”

കമ്പനി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍

കമ്പനി എന്ന ഹിന്ദി സിനിമ തീര്‍ത്ത അലയൊലികള്‍ ചെറുതല്ല. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ ഹിന്ദി സിനിമാലോകത്തിനുതന്നെ നല്‍കിയ ഏറ്റവും വലിയ സംഭാവനയായി കമ്പനി മാറി. ബോളിവുഡിലെ അധോലോകത്തേപ്പറ്റിയല്ല, അധോലോകത്തിന്റെ ബോളിവുഡനേക്കുറിച്ചാണ് ചിത്രം സംസാരിച്ചത്. വിവേക് ഒബ്‌റോയ് എന്ന നടന്റെ ആദ്യ ചിത്രമായിരുന്നു ഇത്. എല്ലാറ്റിനുമുപരി തെന്നിന്ത്യന്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഹിന്ദിയിലെ കന്നിയങ്കവും.

കമ്പനിയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ് അതിന്റെ തിരക്കഥ തന്നെ അത്രയധികം ആകര്‍ഷിച്ചു എന്ന്. എന്നാല്‍ പിന്നീട് ബോളിവുഡില്‍ കണ്ടില്ലല്ലോ എന്ന ചോദ്യത്തിനോടും ലാല്‍ പ്രതികരിച്ചു. ” പിന്നീട് മാറിനിന്നതല്ല, തിരക്കഥകള്‍ ലഭിക്കാതിരുന്നിട്ടുമില്ല. എന്നാല്‍ ബോളിവുഡിന് കൊടുക്കാന്‍ എന്റെ പക്കല്‍ ദിവസങ്ങളില്ലായിരുന്നു. ഒരിക്കല്‍ കൂടി ബോളിവുഡിലേക്ക് വരണമെന്നുണ്ട്. രാം ഗോപാല്‍ വര്‍മയുടെ സംവിധാനത്തില്‍ത്തന്നെ വേണം എന്നാണാഗ്രഹം. നല്ല അവസരം വരുമെന്നുതന്നെ കരുതാം” മോഹന്‍ലാല്‍ പറഞ്ഞു.

കമ്പനിയുടെ തിരക്കഥയാണ് ഏറ്റവും ആകര്‍ഷിച്ചത്. മുംബൈ അധോലോകത്തെ നന്നായി അതില്‍ പകര്‍ത്തയിരുന്നു. ഇന്ത്യന്‍ സിനിമയിലെ അക്കാലത്തെ ഏറ്റവും വലിയ മുഖമായ രാം ഗോപാല്‍ വര്‍മയുടെ ചിത്രത്തിലാണ് അഭിനയിക്കാന്‍ ക്ഷണിച്ചത് എന്ന കാര്യവുമുണ്ട്. ഏതൊരു നടനും ആഗ്രഹിക്കുന്ന കാര്യം നിഷേധിക്കാന്‍ സാധിക്കുമായിരുന്നില്ല. അത് ചെയ്തപ്പോള്‍ പ്രത്യേക സന്തോഷം ലഭിച്ചുവെന്നും ലാല്‍ പറഞ്ഞു. ചിത്രത്തിനുലഭിച്ച പ്രതികരണങ്ങള്‍ സന്തോഷിപ്പിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top