ഹെഡ്‌സെറ്റുമായി ഷവോമിയെത്തുന്നു; വിലയും ഓണ്‍ലൈന്‍ വില്‍പനയുടെ തീയതിയും പ്രഖ്യാപിച്ചു; ലക്ഷ്യം ഗുണനിലവാരവും കുറഞ്ഞ വിലയുമായി വിപണിപിടിക്കല്‍

ഷവോമി പുറത്തുവിട്ട ഹെഡ്‌സെറ്റിന്റെ ചിത്രം

ഷവോമിയുടെ പല ഉത്പ്പന്നങ്ങളും ചൈനയില്‍ ലഭ്യമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ മാത്രമേ ഇന്ത്യയില്‍ വാങ്ങിക്കാനാവുന്ന രീതിയില്‍ ഷവോമി തയാറാക്കിയിട്ടുള്ളൂ. പവര്‍ ബാങ്കിന്റെയും എംബാന്‍ഡിന്റെയും ഇന്ത്യയിലെ വില്‍പന ഷവോമി അത്ര ശ്രദ്ധിക്കുന്നുമില്ല. ഇപ്പോഴിതാ ഹെഡ്‌സെറ്റുമായി ഷവോമി എത്തിയിരിക്കുന്നു. ഇത് ഷവോമി മൊബൈല്‍ പോലെതന്നെ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.

ഷവോമി സാധാരണഗതിയില്‍ ചെയ്യാറുള്ളതുപോലെ ഉയര്‍ന്ന ഗുണനിലവാരം ഉത്പ്പന്നത്തിനുണ്ടാകും. എന്നാല്‍ വിപണിയില്‍ ഇതേ നിലവാരമുള്ള ഉത്പ്പന്നങ്ങളുടേതിനേക്കാള്‍ വില കുറവാണുതാനും. 3.5എംഎം ജാക്കില്‍ പിന്തുണയ്ക്കുന്ന ഹെഡ്‌ഫോണ്‍ ശബ്ദത്തിന്റെ ചോര്‍ച്ച തടയുകയും പുറമേനിന്നുള്ള ശബ്ദത്തെ പൂര്‍ണമായും ചെറുക്കുകയും ചെയ്യും. 1.4 മീറ്റര്‍ നീളമുള്ള കേബിള്‍ ഹെഡ്‌സെറ്റിനുണ്ടാവും.

ഹെഡ്‌സെറ്റിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്വിച്ചുകള്‍ ഒരുക്കിയിരിക്കുന്നത്. ഇടതുവശത്ത് ഒന്ന് കൈ അമര്‍ത്തിയാല്‍ ഫോണ്‍ കോള്‍ എടുക്കാം. ശബ്ദ നിയന്ത്രണത്തോടൊപ്പം പാട്ടുകള്‍ മുന്നോട്ടും പിന്നോട്ടും നീക്കാനും സാധിക്കും. വിഷാംശമില്ലാത്ത, അഴുക്ക് പിടിച്ചിരിക്കാത്ത ഗുണമേന്മയേറിയ പ്ലാസ്റ്റിക് കൊണ്ടാണ് ഹെഡ്‌സെറ്റിന്റെ നിര്‍മാണം. ചൂടാവുന്ന പ്രശ്‌നമേയുണ്ടാവില്ല എന്നും ഷവോമി ഉറപ്പുതരുന്നു.

107 ഡെസിബല്‍, 32 ഓം സ്പീക്കറാണ് ഹെഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 മുതല്‍ 40,000 വരെയാണ് ഫ്രീക്വെന്‍സി റേഞ്ച്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനോടൊപ്പം ഭാരം കുറവായിരിക്കുകയും മൃദുവായിരിക്കുകയും ചെയ്യും ഷവോമിയുടെ ഈ ഉത്പ്പന്നം. ഏപ്രില്‍ 18ന് ഉച്ചയ്ക്ക് 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുക. 2,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

DONT MISS
Top