“ഇത്തരം വാര്‍ത്തകള്‍ എവിടെനിന്ന് വരുന്നെന്നറിയില്ല”: ‘ആടുജീവിതം’ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി പൃഥ്വിരാജ്


ആടുജീവിതം സിനിമ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ എവിടെനിന്ന് വരുന്നെന്ന് അറിയില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ തുടങ്ങുമെന്നും താരം വ്യക്തമാക്കി.

പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലെസിയാണ് ആടുജീവിതം ഒരുക്കുന്നത്. എന്നാല്‍ ചിത്രം ഉപേക്ഷിച്ചെന്ന് കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തകള്‍ സംവിധായകന്‍ ബ്ലെസി അന്നുതന്നെ നിഷേധിച്ചിരുന്നു.

ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലായാണ് ചിത്രത്തിന് ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനിടയ്ക്ക് മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍:

ഇപ്പോള്‍ ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്‌കോട്ട്‌ലന്റിലാണുള്ളത്. ബ്ലെസി സംവിധാനം ചെയ്യുന്ന എന്റെ സ്വപ്‌നപദ്ധതിയായ ആടുജീവിതം എനിക്ക് ഡേറ്റ് നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വായിക്കാനിടയായി. ഇത് പൂര്‍ണമായും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. വളരെ വെല്ലുവിളി നിറഞ്ഞതും എന്നാല്‍ എന്റെ സ്വപ്‌നവുമായ ഈ വേഷത്തിന് വേണ്ടി 2017 നവംബര്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ പലഘട്ടങ്ങളിലായി ഡേറ്റ് നല്‍കിയിട്ടുണ്ട്. നിരവധി ശാരീരിക മാറ്റങ്ങളിലൂടെ എനിക്ക് കടന്ന് പോകേണ്ടതിനാലാണ് ഘട്ടംഘട്ടമായുള്ള ഷെഡ്യൂളില്‍ ചിത്രീകരണം നടത്തുന്നത്. ഇതിന്റെ ഇടവേളയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അത് ‘എല്‍’ എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നത്. വളരെ മികച്ച രീതിയില്‍ അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. ലോകോത്തര നിലവാരമുള്ള ഒരു സാങ്കേതിക ടീമിനെത്തന്നെ ഈ ചിത്രത്തിനായി ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ബ്ലെസിയെ കാണുകയും ചിത്രീകരണത്തിന്റെ വിവരങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത് എവിടെനിന്നാണെന്ന് എനിക്ക് ഒരുപിടിയും ഇല്ല.

എല്ലാവര്‍ക്കും ഈസ്റ്റര്‍, വിഷു ആശംസകള്‍.”

DONT MISS
Top