സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം ഇന്ത്യയുടെ സായ് പ്രണീതിന്; ഫൈനലില്‍ തകര്‍ത്തത് നാട്ടുകാരനായ ശ്രീകാന്തിനെ

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി സായ് പ്രണീത് നേടി. ഫൈനലില്‍ ഇന്ത്യയുടെ തന്നെ കിടംബി ശ്രീകാന്തിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സായ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 17-21, 21-17, 21-12.

പ്രണീതിന്റെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണിത്. സൂപ്പര്‍ സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സായ്. ഫൈനലില്‍ തോറ്റ ശ്രീകാന്താണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍.


ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് പ്രണീത് കിരീടം സ്വന്തമാക്കിയത്. ഇതാദ്യമായിട്ടായിരുന്നു ഒരു സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. 24 കാരനായ പ്രണീത് 55 മിനിട്ടിലാണ് വിജയം കണ്ടത്. ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ ആധിപത്യം 5-1 ആക്കി ഉയര്‍ത്താനും പ്രണീതിന് കഴിഞ്ഞു.

തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റം കണ്ട ആദ്യ ഗെയിമില്‍ കളി പുരോഗമിക്കവെ ശ്രീകാന്ത് മേധാവിത്വം നേടുകയായിരുന്നു. 5-5 ല്‍ നിന്നും 11-7, 17-14 ലീഡ് നേടിയ ശ്രീകാന്ത് ഒടുവില്‍ 21-17 ന് ആദ്യ ഗെയിം സ്വന്തമാക്കി. ശ്രീകാന്തിന്റെ ഏകപക്ഷീയമായ മുന്നേറ്റത്തോടെയാണ് രണ്ടാം ഗെയിം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 6-1 ന് മുന്നിട്ട് നിന്ന ശ്രീകാന്ത് പക്ഷെ പിന്നീട് കീഴടങ്ങി. തിരിച്ചടിച്ച പ്രണീത് 11-10, 16-14 ലീഡ് നേടിയ ശേഷം 21-17 ഗെയിം സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഏകപക്ഷീയമായ വിജയമാണ് പ്രണീത് കരസ്ഥമാക്കിയത്. 11-5 ന് മുന്നേറിയ പ്രണീത് 15-7 ആക്കി ലീഡ് ഉയര്‍ത്തി. ഒടുവില്‍ വെറും അഞ്ച് പോയിന്റുകള്‍ കൂടിമാത്രം വിട്ടുനല്‍കി പ്രണീത് മത്സരവും കിരീടവും പിടിച്ചെടുത്തു.

രണ്ടാം ഗെയിം നഷ്ടപ്പെട്ടതോടെ സമ്മര്‍ദ്ദത്തിലായ ശ്രീകാന്ത് തുടരെ അനാവശ്യ പിഴവുകള്‍ വരുത്തിയാണ് മൂന്നാം ഗെയിമില്‍ തകര്‍ന്നത്.

നേരത്തെ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പിവി സിന്ധു സ്പെയിനിന്റെ കരോലിന മരിനോട് തോറ്റ് പുറത്തായിരുന്നു.

DONT MISS
Top