കുല്‍ഭൂഷനെ തൊട്ടാല്‍ പാക് സൈബറിടം തവിടുപൊടിയാക്കുമെന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ്; മുന്നറിയിപ്പായി തകര്‍ത്തത് 300 പാക്‌സൈറ്റുകള്‍

കുല്‍ഭൂഷനും സൈബര്‍വാരിയേഴ്സ് ചിഹ്നവും

കൊച്ചി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിനായുള്ള പ്രാര്‍ത്ഥനയിലാണ് രാജ്യമിപ്പോള്‍. അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ സമ്മര്‍ദം ചെലുത്തിയ ഇന്ത്യ, ഉടനെ വധശിക്ഷ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കി. മറ്റൊരു സരബ്ജീത് സിംഗാകാന്‍ കുല്‍ഭൂഷനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ കൈമെയ്മറന്ന് പോരാടുകയാണ്. കുല്‍ഭൂഷനെ തൊട്ടാല്‍ പാകിസ്താനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇപ്പോളിതാ മറ്റൊരു മുന്നറിയിപ്പുമായാണ് ഈ മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഹാക്ക് ചെയ്തതാരെന്ന് കേട്ടാല്‍ പാക് സൈബര്‍ലോകം ഏത് പാതിരാത്രിക്കും ഞെട്ടിയെണീക്കുമെന്നതില്‍ തര്‍ക്കമില്ല. സൈബര്‍ വാരിയേഴ്‌സെന്ന മലയാളികളുടെ സ്വന്തം ഹാക്കിംഗ് വീരന്മാരാണ്, 300ലധികം പാക് സൈറ്റുകള്‍ തകര്‍ത്ത് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുല്‍ഭൂഷന്‍ യാദവിന് നീതീ ലഭിക്കുംവരെ പോരാടാന്‍ തന്നെയാണ് സൈബര്‍വാരിയേഴ്‌സ് ആഹ്വാനം ചെയ്യുന്നത്. ഭാരതീയനാണ് അദ്ദേഹമെന്നും, ഭാരതത്തിന്റെ കാവലാളായിരുന്നുവെന്നും, നമ്മുടെ മാത്യരാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ രാപകലില്ലാതെ ഉറക്കമൊഴിച്ച് ഇന്ത്യ മഹാരാജ്യത്തിലെ ഓരോ മണല്‍തരിക്കും സംരക്ഷണം നല്‍കിയവനായിരുന്നുവെന്നും സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അദ്ദേഹം ഇന്നൊരു ആപത്തിലാണെന്നത് കാണാതെ പോകരുത്. സര്‍ക്കാരും മാധ്യമങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചേ മതിയാകൂവെന്നും അവര്‍ പറയുന്നു. ഒരു സരബ്ജിത് സിംഗ് കൂടി നമുക്ക് ഇനി വേണ്ട. പാകിസ്ഥാന്‍ സൈബര്‍സ്‌പേസ് ആക്രമിച്ചു കൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രതിഷേധിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹാക്ക് ചെയ്ത മുന്നൂറോളം വെബ്‌സൈറ്റുകളുടെ വിവരങ്ങളും സൈബര്‍ വാരിയേഴ്‌സ് പങ്കുവെക്കുന്നു. ഇത് വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പാക് സൈബറിടത്തിന് കേരളാ സൈബര്‍ വാരിയേഴ്‌സിനെ അങ്ങനെ മറക്കാനാകില്ല. ഒരുകാലത്ത് പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പോലും സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാര്‍ക്ക്. വിവിധ ഘട്ടങ്ങളില്‍ ആയിരക്കണക്കിന് പാക്‌സൈറ്റുകള്‍ ഇവര്‍ ഹാക്ക് ചെയ്തിരുന്നു. അതിനാല്‍തന്നെ മല്ലു ഹാക്കേഴ്‌സും സൈബര്‍ വാരിയേഴ്‌സും ചേര്‍ന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകള്‍ പാകിസ്താന്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്‌സായിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. ഹാക്കിംഗ് എന്ന സൈബര്‍ കുറ്റകൃത്യത്തെ സമൂഹത്തിന്റെ പ്രതികരണത്തിന്റെ വേദിയാക്കാനുള്ള പുത്തന്‍ ഇടപെടല്‍ ചരിത്രമാണ് മലയാളി ഹാക്കര്‍മാര്‍ സൃഷ്ടിക്കുന്നത്. അവരാണ് ഇപ്പോള്‍ മുന്നൂറോളം പാക് സൈറ്റുകള്‍ തകര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.


ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പിടികൂടിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ യാദവ് പാകിസ്താനില്‍ പിടിയിലായത്. പാകിസ്താന്റെ സൈനിക നിയമപ്രകാരമാണ് വധശിക്ഷ വിധിച്ചതെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അറിയിച്ചു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്റ ആരോപണം. എന്നാല്‍ ഈ അവകാശവാദം തള്ളിയ ഇന്ത്യ ഇദ്ദേഹം നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്താന്‍ ആര്‍മി ആക്ട് അനുസരിച്ച് ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലിലാണ് കുല്‍ഭൂഷണിന്റെ വിചാരണ നടന്നത്. ഇറാനില്‍ നിന്നും പാകിസ്താനിലെത്തിയ കുല്‍ഭൂഷണെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് അറസ്റ്റ് ചെയ്തത്. ചാരപ്രവര്‍ത്തി ചെയ്ത കാര്യം കുല്‍ഭൂഷണ്‍ തന്നെ കുറ്റസമ്മതം നടത്തിയെന്ന് പാകിസ്താന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) ആവശ്യമനുസരിച്ച് പാകിസ്താനെ അസ്ഥിരമാക്കാനും പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കാനും തന്നോട് ആവശ്യപ്പെട്ടതായി കോടതിയില്‍ കുറ്റസമ്മതം നടത്തിയ ആളാണ് കുല്‍ഭൂഷണ്‍ എന്ന് ഐഎസ്പിആര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

DONT MISS
Top