ഉപദേശകരാകാം, എന്നാൽ ഉപദേശകർ ആരാകണം?


രമണ്‍ ശ്രീവാസ്തവ

മുന്‍ ബിഎസ്എഫ് മേധാവി രമണ്‍ ശ്രീവാസ്തവയെ പൊലീസുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം എടുത്തതിന് പിന്നാലെ ഇത്രയധികം ഉപദേശകര്‍ മുഖ്യമന്ത്രിക്ക് ആവശ്യമുണ്ടോ എന്ന വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു. രമണ്‍ ശ്രീവാസ്തവയെ പോലെ ഇടതുപക്ഷ കാഴ്ചപ്പാട് ഇല്ലാത്തവരെ ഉപദേശകരായി നിയമിക്കാമോ എന്ന വിമര്‍ശനവും കണ്ടു.

ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് തോമസ് ഫ്രീഡ്മാന്റെ ‘താങ്ക് യു ഫോര്‍ ബീയിങ് ലേറ്റ്’ എന്ന പുസ്തകമാണ് ഈ വിവാദങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മയില്‍ വന്നത്. റാഡിക്കല്‍ സെന്‍ട്രിസ്റ്റും ആഗോളവത്കരണത്തിന്റെ ശക്തനായ വക്താവുമാണ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ തോമസ് ഫ്രീഡ്മാന്‍ എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ലോകവ്യാപകമായി ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഇടയില്‍ വലിയ സ്വാധീനമാണ് ഫ്രീഡ്മാന്റെ പുസ്തകങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഉള്ളത്.

2016 ല്‍ പുറത്തിറങ്ങിയ ‘താങ്ക് യു ഫോര്‍ ബീയിങ് ലേറ്റ്’ എന്ന പുസ്തകത്തില്‍
തോമസ് ഫ്രീഡ്മാന്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ:

To comprehend the twenty-first century, one needs to understand that
the planet’s three major forces, Moore’s law (technology), the Market
(globalization) and Mother Nature (climate change and biodiversity
loss) and are all accelerating at once.”

ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ മനസിലാക്കണമെങ്കില്‍ സാങ്കേതിക വിദ്യ, വിപണി, പ്രകൃതി എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം എന്നാണ് ഫ്രീഡ്മാന്റെ വാദം. ഈ മൂന്നിലും വലിയ തോതിലുള്ള മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഈ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്തവരും  മനസിലാക്കാന്‍ കഴിയാത്തവരും മാറ്റങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നവരും അപ്രസക്തരായി പോകുമെന്നും ഫ്രീഡ്മാന്‍ അഭിപ്രായപ്പെടുന്നു.

കടുത്ത ഇടതുപക്ഷ വാദികള്‍ പോലും ഈ മൂന്ന് മേഖലകളിലും വിപ്ലവകരമായ മാറ്റം ഉണ്ടാകുന്നു എന്ന ഫ്രീഡ്മാന്റെ വാദം തള്ളിക്കളയാന്‍ ഇടയില്ല. കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് പല മാറ്റങ്ങളും. ഈ മേഖലകളിലെ വിദഗ്ധര്‍ക്ക് പോലും മാറ്റം പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. അത്രയ്ക്ക് സങ്കീര്‍ണ്ണമാണ്  മാറ്റങ്ങളില്‍ ചിലത്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ, ഓരോ മേഖലയിലെയും വിദഗ്ധരുടെ ഉപദേശം ഒരു ഭരണാധികാരി തേടുന്നതില്‍ എന്താണ് തെറ്റ് ?. അമേരിക്കയിലെ ഐവി ലീഗ് സര്‍വ്വകലാശാലകളില്‍ നിന്ന് പൊതു ഭരണവും രാഷ്ട്രീയമീമാംസയും സാമ്പത്തിക ശാസ്ത്രവും നിയമവും ഒക്കെ പഠിച്ച് വിവിധ രാഷ്ട്രങ്ങളിലെ ഭരണാധികാരികളായവർ വരെ വ്യത്യസ്ത മേഖലകളിലെ വിദഗ്ധരെ ഉപദേശകരായി നിയമിക്കാറുണ്ട്.

ഒന്നും അറിയാതെ എല്ലാം അറിയുന്നവരെ പോലെ നടിക്കുന്ന ഭരണാധികാരികളെയും രാഷ്ട്രീയക്കാരെക്കാളും എന്ത് കൊണ്ടും നല്ലതല്ലേ ലോകത്തിന്റെ മാറ്റം അറിയുന്നവരെ ഒപ്പം നിറുത്തി കാലത്തിന്റെ മാറ്റം അറിയാനും അതിനനുനുസരിച്ച് നയങ്ങള്‍ രൂപീകരിക്കാനും ശ്രമിക്കുന്നത്. പതിവ് ബ്യുറോക്രാറ്റിക്ക് ചട്ടക്കൂടില്‍ നിന്ന് പുതിയ തലങ്ങളിലേക്ക് ഭരണത്തെ കൊണ്ടുപോകാനുള്ള പിണറായി വിജയന്റെ ശ്രമം ആ അര്‍ത്ഥത്തില്‍ അഭിനന്ദനീയമാണ്.

പിണറായി വിജയന്‍

ഉപദേശകര്‍ ആരാകണം?. സമൂഹത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആഗോള തലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഭരണാധികാരിയുടെ കാഴ്ചപ്പാട് അനുസരിച്ച് നയരൂപീകരണത്തിന് സഹായിക്കുന്ന വ്യക്തി അഥവാ വിദഗ്ധന്‍ ആകണം ഉപദേശകന്‍. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രമണ്‍ ശ്രീവാസ്തവയെ പൊലീസുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയാണോ എന്ന് ചോദിച്ചാല്‍ തെറ്റാണെന്ന് പറയേണ്ടി വരും.

ഒരു മര്‍ദ്ദന ഉപാധിയാണ് പൊലീസ് എന്ന കാഴ്ചപ്പാടുള്ള ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കും രമണ്‍ ശ്രീവാസ്തവ മികച്ച ഉപദേശകന്‍ ആയിരിക്കും. എന്നാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇടതു പാര്‍ട്ടികള്‍ പൊലീസിനെ പരമാവധി ജനകീയ വത്കരിക്കാനാണ് ശ്രമിക്കേണ്ടത്. കമ്മ്യൂണിറ്റി പൊലീസിങ്ങില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ലോകവ്യാപകമായി നടക്കുന്നത്. ആ മാറ്റങ്ങളില്‍ ചിലതെങ്കിലും ഇവിടെ എത്തിക്കാനായാല്‍ കേരളത്തിന്റെ പൊലീസിന്റെ മുഖച്ഛായ തന്നെ മാറും. പൊലീസിങ്ങിലെ പ്രധാനപ്പെട്ട മേഖലകളായ ക്രമസമാധാന പാലനം, കുറ്റാന്വേഷണം, രഹസ്യാന്വേഷണം എന്നിവയിലൊന്നും ശ്രദ്ധിക്കപ്പെട്ട സേവനം നല്‍കിയിട്ടുള്ള വ്യക്തിയായി രമണ്‍ ശ്രീവാസ്തവയെ ആരും വിശേഷിപ്പിച്ചതായി കേട്ടിട്ടില്ല.

മുഖ്യമന്ത്രിയുടെ സാമ്പത്തിക, നിയമ, ശാസ്ത്ര, വികസന, മാധ്യമ ഉപദേശകരെ
കുറിച്ച് വിശദമായി എഴുതാന്‍ തക്ക അറിവില്ല. എന്നിരുന്നാലും മാധ്യമ
ഉപദേശത്തെ കുറിച്ചുള്ള ചില ട്രെന്‍ഡുകള്‍ ഇവിടെ പരാമര്‍ശിക്കാം എന്ന് തോന്നുന്നു. അത് പറയുന്നതിന് മുമ്പ്, ‘താങ്ക് യു ഫോര്‍ ബീയിങ് ലേറ്റി’ലെ മറ്റൊരു ഭാഗം കൂടി ഇവിടെ കുറിക്കുന്നു.

Uber, the world’s largest taxi company, owns no vehicles. Facebook,
the world’s most popular media owner, creates no content. Alibaba, the
most valuable retailer, has no inventory. And Airbnb, the world’s
largest accommodation provider, owns no real estate. Something
interesting is happening.

സ്വന്തമായി ഒരു വാഹനം പോലും ഇല്ലാത്ത യൂബെറും ഓലയും ലോകത്തെ ടാക്‌സി
ബിസിനസ്സില്‍ കുത്തകകള്‍ ആകുന്നു. സ്വന്തമായി ഒരു പ്രസിദ്ധീകരണ സ്ഥാപനവും
ഇല്ലാത്ത ഫെയ്സ്ബുക്കും ട്വിറ്ററും ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ പ്രചാരകര്‍
ആകുന്ന കാലം. ആ കാലത്ത് പരമ്പരാഗത രീതിയില്‍ ഉള്ള വാര്‍ത്താവിനിമയ
ചട്ടക്കൂടിലൂടെ വിജയിക്കാന്‍ ആകുമോ? ഇല്ല എന്നാണ് ലോകത്തിലെ വികസിത- വികസ്വര-അവികസിത രാജ്യങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

സോഷ്യല്‍ മീഡിയ സജീവമായതോടെ വിപ്ലവകമായ മാറ്റങ്ങള്‍ക്കാണ്
വാര്‍ത്താവിനിമയം ഇപ്പോള്‍ വിധേയമാകുന്നത്. സാമ്പത്തിക ശാസ്ത്രം കഴിഞ്ഞാല്‍
സോഷ്യല്‍ സയന്‍സില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത് ഇന്ന്
വാര്‍ത്താവിനിമയത്തിലും ആശയപ്രചാരത്തിലുമാണ്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ഈ മാറ്റങ്ങളില്‍ പലതും ഇന്ത്യയിലും മറ്റും പ്രചരിക്കുന്നത് വൈകിയാണ്.
മലയാളികള്‍ ഇല്ലാത്ത ലോകരാജ്യങ്ങള്‍ ഇല്ല. എന്നിട്ടും വാര്‍ത്താവിനിമയത്തിലെ
വിപ്ലവങ്ങളില്‍ പലതും നമ്മുക്കിടയില്‍ എത്താന്‍ കാലതാമസം എടുക്കുന്നു.

ശ്രദ്ധേയമായ പ്രസംഗങ്ങളും ലേഖനങ്ങളും എഴുതി നൽകുക, അനുകൂലമായ വാർത്തകൾ മാധ്യമങ്ങളിൽ വരുത്തുക, പ്രതികൂലമായി വാർത്ത എഴുതുന്നവരെ ഡീൽ ചെയ്യുക. ഇതൊക്കെയായിരുന്നു സമീപകാലത്ത് വരെ മാധ്യമ സെക്രട്ടറിമാരുടെയും മാധ്യമ ഉപദേശകരുടെയും ഒക്കെ വ്യവസ്ഥാപിതമായ കടമ. എന്നാൽ ഗോസ്റ്റ് റൈറ്റിങ്ങിനും ഫിക്സിങ്ങിനും അപ്പറും മറ്റ് ചിലത് കൂടി ഭരണാധികാരികൾ മാധ്യമ സെക്രട്ടറിമാരിൽ നിന്നും  മാധ്യമ ഉപദേശകരിൽ നിന്നുമൊക്കെ പ്രതീക്ഷിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭരണാധികാരിയും ജനങ്ങളും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആശയവിനിമയം സുഗമമാക്കുക എന്നത്. ഇടനിലക്കാർ ഇല്ലാതെ ജനങ്ങൾക്കിന്ന് ഏതൊരു ഭരണാധികാരിയുമായും ബന്ധപ്പെടാം. വളച്ചൊടിക്കൽ ഇല്ലാതെ ഭരണാധികാരികൾക്ക് പറയാനുള്ളത് ജനങ്ങൾക്കിടയിൽ എത്തിക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ന് സാധിക്കും.

എന്നിട്ടും എന്തുകൊണ്ടാണ് സർക്കാരിന്റെ ഭാഗം പല വിവാദ വിഷയങ്ങളിലും ജനങ്ങളിലേക്ക് എത്തപെടാതെ പോകുന്നത്? മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോൾ ഏറ്റവുമധികം സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ ഉള്ള സംസ്ഥാനമാണ് കേരളം. ഫെയ്സ്ബുക്ക്, വാട്ട്സ്സാപ്പ്  ഉപയോഗം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് കേരളത്തിൽ. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് വിപ്ലവങ്ങൾ വരെ ഉണ്ടാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് സർക്കാരിന് ഈ വാർത്തവിനിമയ മാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നത് പരിശോധിക്കേണ്ട വിഷയമാണ്. പി ആർഡിയുടെ പ്രസിദ്ധീകരണങ്ങളായ കേരള കാളിംഗിലും സമകാലിക ജനപഥത്തിലുമല്ല ഇനി സർക്കാർ കേന്ദ്രീകരിക്കേണ്ടത്. പൊതു ഭരണത്തിലെ വാർത്തവിനിമയത്തിൽ ലോകത്ത് വിജയിച്ച പരീക്ഷണങ്ങൾ ഇവിടെയും നടപ്പിലാക്കണം.

ലോകം മുന്നോട്ടാണ് പോകുന്നത്. പിന്നോട്ടല്ല. മുന്നോട്ട് പോകുന്ന
ലോകത്ത് പിന്നോട്ട് സഞ്ചരിക്കുന്നവരെയും ഇന്നലെകളിൽ ജീവിച്ചവരെയും അല്ല
ഉപദേശകരാക്കേണ്ടത്. അനുഭവ പരിചയം ഉള്ളവരെക്കാളും പുതിയ ആശയങ്ങൾ കൊണ്ടുവരാൻ പ്രാപ്തർ ആയവരും പ്രൊഫഷണലുകളുമാആണ് ഉപദേശകർ ആകേണ്ടത്. സ്വപ്നജീവികൾ അല്ല വെല്ലുവിളികൾ നേരിടാൻ കഴിവുള്ളവർ ആണ് മുഖ്യമന്ത്രിക്ക് ചുറ്റും ഉണ്ടാകേണ്ടത്.

(റിപ്പോര്‍ട്ടര്‍ ടിവിയിലെ ന്യൂസ് എഡിറ്ററാണ് ലേഖകന്‍)

DONT MISS
Top