“പലപ്പോഴും പൊലീസ് എടുക്കുന്നത് തെറ്റായ തീരുമാനങ്ങള്‍”; ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി

ദില്ലി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്നാലെ ദേശീയ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊലീസ് നടപടികളെ വിമര്‍ശിച്ച് രംഗത്ത്. സംസ്ഥാനത്ത് പൊലീസ് നിരന്തരം വീഴ്ചകള്‍ വരുത്തുന്നതായി സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി. പൊലീസ് പലപ്പോഴും എടുക്കുന്നത് തെറ്റായ തീരുമാനങ്ങള്‍ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഐ സംസ്ഥാനത്തെ പ്രതിപക്ഷം അല്ലെന്നും എല്‍ഡിഎഫിലെ ഘടകകക്ഷിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ തുടര്‍ച്ചായ രണ്ടാം ദിവസമാണ് സിപിഐ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വമായിരുന്നെങ്കില്‍ ഇത്തവണ അത് ദേശീയ നേതൃത്വമായിരുന്നു. കാനം രാജേന്ദ്രന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ന് സിപിഐ ദേശീയ നേതൃത്വം ചെയ്തത്.

പൊലീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നെന്ന് സുധാകര്‍ റെഡ്ഡിയും ആവര്‍ത്തിച്ചു. മഹിജ സംഭവത്തില്‍ പൊലീസിന്റേത് കിരാത നടപടി ആയിരുന്നെന്ന് സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി. നേരത്തെ ബിനോയ് വിശ്വവും കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.

ഇടതുമുന്നണിയിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. കേരളത്തിലെ നിലവിലെ വിവാദങ്ങള്‍സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തിയതായും സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്ത് കാനം രാജേന്ദ്രന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. തങ്ങള്‍ പ്രതിപക്ഷമല്ല, യഥാര്‍ത്ഥ ഇടതുപക്ഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് ദുര്‍ബ്ബലപ്പെടുന്നത് തടയുക എന്നതാണ് സിപിഐ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടിയേയും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടമുതല്‍ മഹിജയുടെ സമരത്തെ കൈകാര്യം ചെയ്ത രീതിവരെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

DONT MISS
Top