ഐഎസിലെത്തിയ മലയാളികളില്‍ ഒരാള്‍കൂടി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം; യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ കൂടുതല്‍ മലയാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് സൂചന

ഫയല്‍ ചിത്രം

കാസര്‍ഗോഡ്: പടന്നയില്‍ നിന്നും കാണാതായി ഐഎസ് കേന്ദ്രത്തിലെത്തിയ മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടത് അമേരിക്കയുടെ ബോംബാക്രമണത്തിലെന്ന സ്ഥിരീകരണവുമായി ടെലിഗ്രാം സന്ദേശം. ഇതു സംബന്ധിച്ച ടെലിഗ്രാം സന്ദേശത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ബോംബാക്രമണത്തില്‍ കൂടുതല്‍ മലായളികള്‍ക്ക് അപകടം സംഭവിച്ചതായും സൂചനയുണ്ട്. ഇതോടെ ഐഎസ് കേന്ദ്രത്തിലെത്തി കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി.

കാസര്‍ഗോഡ് പടന്നയില്‍ നിന്നും കാണാതായ 11 പേരില്‍ പടന്ന സ്വദേശിയായ മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടുവെന്ന ടെലിഗ്രാം സന്ദേശം പൊതു പ്രവര്‍ത്തകനായ ബിസി റഹ്മാനും പിതാവിനുമാണ് ലഭിച്ചത്. ഇന്നലെയുണ്ടായ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇയാള്‍ കെല്ലപ്പെട്ടുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. പടന്നയില്‍ നിന്നും കാണാതായ അഷ്വാക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ബന്ധുക്കള്‍ ഇവരുമായി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് മാത്രമെ സന്ദേശത്തില്‍ പറയുന്നുള്ളു.

അഫ്ഗാന്‍ പ്രവിശ്യയിലെ നംഗര്‍ഹാറിലെ ഐഎസ് കേന്ദ്രത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മരണപ്പെട്ട മുര്‍ഷിദ് മുഹമ്മദ്. ഇപ്പോള്‍ ലഭിച്ച സന്ദേശം നിലവില്‍ കേസ് അന്വേഷിക്കുന്ന എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലിയില്‍ നിന്ന് 22 പേരാണ് അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ എത്തിയത്. ഇവരെല്ലാം ഒരേ സ്ഥലത്താണ് ഉള്ളതെന്ന് നേരത്തെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൂടുതല്‍ മലയാളികള്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് എത്തുന്നുണ്ടോ എന്നും എന്‍ഐഎ നിരീക്ഷിച്ച് വരുന്നു.

DONT MISS
Top