ശ്രീ ശ്രീ രവിശങ്കര്‍ യമുനാനദീതടം പൂര്‍ണമായും നശിപ്പിച്ചു, പഴയനിലയിലാകാന്‍ പത്തുവര്‍ഷമെടുക്കും; ദേശീയ ഹരിത ട്രൈബ്യൂണല്‍

സമ്മേളനത്തിനുള്ള വേദി ഒരുങ്ങുമ്പോള്‍, ഫയല്‍ ചിത്രം

ദില്ലി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ലോക സാംസ്‌കാരിക സമ്മേളനം നടത്തിയതിനെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ട യമുനാതടം പഴയനിലയിലാകാനും ഇവിടത്തെ ജൈവവ്യവസ്ഥ തിരികെ കൊണ്ടുവരാനും പത്തുവര്‍ഷമെടുക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍  വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. നദീതടം നിലനിര്‍ത്താന്‍ 42 കോടി വേണം.

നദീതടം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിദഗ്ദ സമിതി തലവന്‍ ശശി ശേഖര്‍ പറഞ്ഞു. മുന്നൂറേക്കറോളം ഭൂമിയാണ് സാംസ്‌കാരിക സമ്മേളനവേദിക്കായി നശിപ്പിച്ചത്. പല തലങ്ങളിലുള്ള പാരിസ്ഥിതിക ആഘാതങ്ങളാണ് സമ്മേളനം ബാക്കിയാക്കിയത്. ഹരിത ട്രിബ്യൂണലിന്റെയും മറ്റ് പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പ് വകവെക്കാതെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഉദ്ഘാടകന്‍.

പരിസ്ഥിതി നാശത്തിനുള്ള ഇടക്കാല നഷ്ടപരിഹാരമായി അഞ്ചുകോടി അടക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട്, ഫൗണ്ടേഷന്‍ 100 മുതല്‍ 120 കോടി വരെ പിഴയടക്കണമെന്നും ഒരു നാലംഗ കമ്മിറ്റി ആവശ്യപ്പെട്ടു. നദീതടത്തെ മണ്ണ് ഉറച്ചുവെന്നും ഒരു ചെടി പോലും വളരാതെ വരണ്ട് കിടക്കുകയാണെന്നും ജലത്തിന്റെ സാന്നിധ്യം തന്നെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും ജല ആവാസവ്യവസ്ഥയും നശിച്ചെന്നും ഉറവകള്‍ ഇല്ലാതായെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. മരങ്ങള്‍, കുറ്റിച്ചെടികള്‍, കുറ്റിക്കാട് എന്നിവയും, ചെറുപ്രാണികള്‍ക്കും മൃഗങ്ങള്‍ക്കും, ചെളിയില്‍ കഴിയുന്ന ജീവികള്‍ക്കും ആവാസ സ്ഥലമായിരുന്ന ജലഹൈസിന്ത് ചെടികളും അടിവേരോടെ നശിപ്പിക്കപ്പെട്ടതായും ഹരിത ട്രൈബ്യൂണല്‍.

DONT MISS
Top