ജിഷ്ണു ഉയര്‍ത്തിയത് മാനുഷികമായ ചോദ്യങ്ങള്‍; എഴുത്തുകാരന്‍ ആനന്ദ്

ആനന്ദ്

ഭയാനകമായ ഒരു ചുഴലിക്കാറ്റ് രാജ്യത്തെങ്ങും വീശിയടിക്കുന്ന കാലമാണ് ഇതെന്ന് ഓര്‍മിപ്പിച്ച് എഴുത്തുകാരന്‍ ആനന്ദ്. കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിട്ട ആ ചുഴലിക്കാറ്റ് ഓരോ സംസ്ഥാനങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ അനുകരിക്കപ്പെടുകയാണ്. വിശ്വാസം, വിലക്കപ്പെട്ട ഭക്ഷണം, വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളില്‍ ആളുകളെ ചൂഴ്ന്നുപിടിക്കുന്ന കാറ്റാണ് ഇവിടെയുള്ളത്. ഓരോ സംസ്ഥാനങ്ങളിലും അത് പ്രകടമാകുന്നത് ഭീതിയുണ്ടാക്കുന്നു. പൗരന്മാര്‍ക്ക് ആശ്രയിക്കാനുള്ള ന്യായാലയങ്ങളുടെ മേലും ഈ ചുഴലിക്കാറ്റ് വീശുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും ആനന്ദ് പറയുന്നു.

പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം, അവരോട് അനുസരിക്കാന്‍ ഉപദേശിക്കുകയാണ് ചെയ്യുന്നത്. ഖലീല്‍ ജിബ്രാന്റെ ‘പിറ്റി ദ നാഷന്‍’ എന്ന കവിതയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരള തലസ്ഥാനം സാക്ഷിയായത്. നൈതികവും മാനുഷികവുമായ ചോദ്യങ്ങളുന്നയിക്കുന്ന ജിഷ്ണു സംഭവം ഇപ്പോള്‍ എവിടെയെത്തി? ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാണ് അത് ഉടലെടുത്തത്. ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല എന്നിങ്ങനെ വഴിമുട്ടിയ കഥകളും ഇക്കാലത്തിന്റേതാണല്ലോ? ഭരണത്തിലുള്ളവരും പുറത്തുള്ളവരുമായ നേതൃവൃന്ദം, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മാധ്യമങ്ങള്‍ എല്ലാവരും മൂലപ്രശ്‌നത്തെ കൈവെടിഞ്ഞ് അതിനെ ക്രൂരവും കപടവുമായ ആഘോഷമാക്കിയിരിക്കുന്നു.

ഭരണപക്ഷം അതിനെ വിമര്‍ശിക്കുന്നവരെ മാത്രമല്ല, കൂടെ പോകാതിരിക്കുന്നവരെയും വഴിയേ പോകുന്ന ഇഷ്ടമില്ലാത്ത മുഖമുള്ളവരെയും നേരിടാനുള്ള അവസരമാക്കിയിരിക്കുന്നു. സ്വപക്ഷത്തുനിന്നും മാറുന്നവരെ ഇല്ലാതാക്കാക്കുകയും പ്രയോജനമാണെങ്കില്‍ കൈവെട്ടുന്നവര്‍ക്ക് പകരം കൈനഷ്ടപ്പെടുന്നവരുടെ നേരെ രോഷം തിരിച്ചുവിടുകയും ചെയ്യുന്ന പഴയരീതി തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ആനന്ദ് പറയുന്നു. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ആനന്ദ് ഉന്നയിച്ചിരിക്കുന്നത്.

DONT MISS
Top