സമരപോരാട്ടത്തിനൊടുവില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ തലസ്ഥാനം വിട്ടു

തിരുവനന്തപുരം: മകന് നീതി തേടിയെത്തിയ മഹിജ ഐതിഹാസിക സമരത്തിനൊടുവില്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങി. സഹോദരന്‍ ശ്രീജിത്ത് എന്തെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അത് താനുമായി മാത്രമാണെന്നന്ന് മഹിജ പറഞ്ഞു. അതേസമയം, ശനിയാഴ്ച്ച മുഖ്യമന്ത്രിയെ കാണാന്‍ മഹിജ പോകില്ലെന്ന സൂചനയും കുടംബം നല്‍കി.

കരഞ്ഞ് കലങ്ങിയ കണ്ണുമായി തലസ്ഥാനത്ത് സമരത്തിനെത്തിയ മഹിജ സമര വിജയത്തിന് ശേഷം കൊച്ചുവേളി-അമൃതസര്‍ എക്‌സ്പ്രസിലാണ് അനന്തപുരിയില്‍ നിന്ന് മടങ്ങിയത്. പോകുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി മാധ്യമ പ്രവര്‍ത്തകരെ കണ്ട ജിഷ്ണുവിന്റെ അമ്മ തന്റെ സഹോദരന്‍ ശ്രീജിത്തിനെതിരായ ഗൂഢാലോചന ആരോപണം പൂര്‍ണ്ണമായി തളളി.

സഹോദരിയുടെ തലയില്‍ കൈവെച്ചാണ് ശ്രീജിത്ത് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ശനിയാഴ്ച്ച മുഖ്യമന്ത്രിയെ കാണാന്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ കൂടിക്കാഴ്ച ഉണ്ടായേക്കില്ലെന്ന സൂചനയാണ് കുടുംബം നല്‍കുന്നത്. രാവിലെ 6.30 ഓടെ ആശുപത്രി വിട്ട മഹിജയും ശ്രീജിത്തും കവയത്രി സുഗതകുമാരിയേയും സന്ദര്‍ശിച്ചാണ് തിരുവനന്തപുരം വിട്ടത്.

ഈ മാസം അഞ്ചിനാണ് മഹിജ തിരുവനന്തപുരത്തെത്ത് സമരത്തിനായെത്തിയത്. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ സമരം ആരംഭിക്കാനെത്തിയെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും മഹിജയ്ക്കും സഹോദരനും പൊലീസ് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും അവിടെ നിരാഹാര സമരം തുടരുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയര്‍പ്പിച്ച് കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുത്തു. തങ്ങളോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മഹിജയും ശ്രീജിത്തും സമരം തുടര്‍ന്നത്. ഈ മാസം 10 നാണ് സമരം ഒത്തുതീര്‍പ്പായത്. മഹിജയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.

സമരം അവസാനിപ്പിച്ചതിന് തൊട്ടടുത്ത ദിവസം സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയത് മഹിജയേയും കുടുംബത്തേയും നിരാശരാക്കിയിരിക്കുകയാണ്. പുതുതായി എന്ത് നേടാനായിരുന്നു മഹിജ സമരം നടത്തിയത് എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയുടെ ഈ നിലപാടാണ് കൂടിക്കാഴ്ച ഒഴിവാക്കാന്‍ മഹിജയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

DONT MISS
Top