പിണറായി വിജയന്റെ അഹങ്കാരത്തിന് മറുപടി കൊടുക്കുകയാണ് ഇനിയുള്ള ലക്ഷ്യം: കെഎം ഷാജഹാന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന് മറുപടി കൊടുക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് ജയില്‍ മോചിതനായ കെഎം ഷാജഹാന്‍. ഏഴുദിവസം തന്നെ ജയിലിലടച്ചതിന് പിന്നില്‍ വ്യക്തിവിരോധമല്ലാതെ മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലാവലിന്‍ കേസ് തന്നെയാണ് ഇതിന് പിന്നിലുള്ളത്. ഷാജഹാന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെതിരെ തന്റെ അമ്മ നടത്തിയത് ഐതിഹാസിക പോരാട്ടമാണെന്ന് ഷാജഹാന്‍ പറഞ്ഞു. “എണ്‍പതാം വയസിലും പോരാട്ടവീര്യം പ്രകടിപ്പിച്ച അമ്മയുടെ മകനാണ് ഞാന്‍. പോരാട്ടവീര്യമുള്ള കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ഞാനും ജനിച്ചത്”. ഷാജഹാന്‍ പറഞ്ഞു. തന്നെ തടവിലാക്കിയതിലൂടെ സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്നും തടവില്‍ താന്‍ ഏറെ മാനസിക പീഡനങ്ങള്‍ അനുഭവിച്ചെന്നും ഷാജഹാന്‍ വ്യക്തമാക്കി.

ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഷാജഹാന്‍ പ്രതികരിച്ചു. തന്നെ കൊല്ലാത്തത് എന്തെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. ടിപി ചന്ദ്രശേഖരനെ കൊന്നപ്പോള്‍ രണ്ട് തെരഞ്ഞെടുപ്പുകള് സിപിഐഎം തോറ്റെങ്കില്‍ തന്നെ കൊന്നാല്‍ അഞ്ച് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കെ എം ഷാജഹാന്‍ അഭിപ്രായപ്പെട്ടു. തനിക്കെതിരെ നടന്നത് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും ലാവലിന്‍ കേസില്‍ ഇടപെട്ടതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികാരം തീര്‍ക്കുകയാണെന്നും ഷാജഹാന്‍ നേരത്തെ ആരോപിച്ചിരുന്നു.

കര്‍ശന ഉപാധികളോടെയാണ് കെഎം ഷാജഹാന്‍ ഉള്‍പ്പെടെ ജയിലിലടയ്ക്കപ്പെട്ട അഞ്ച് പേര്‍ക്ക് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഷാജഹാന് പുറെ എസ്‌യുസിഐ പ്രവര്‍ത്തകരായ കെ ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, എന്നിവര്‍ക്കും തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയ്ക്കുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

15,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് പ്രതികളെ വിട്ടിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ല വിട്ട് പുറത്തുപോകരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

DONT MISS
Top