ജിഷ്ണുകേസ്: നെഹ്‌റു കോളെജിനെതിരെ നടന്നത് ഗൂഢാലോചനയെന്ന് പി കൃഷ്ണദാസിന്റെ സഹോദരന്‍; അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി


തൃശൂര്‍: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പാമ്പാടി നെഹ്രു കോളേജിനെതിരെ നടന്നത് ഗൂഢാലോചനയെന്ന് കോളെജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ സഹോദരന്‍ പി കൃഷ്ണകുമാര്‍. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണകുമാര്‍ തൃശൂര്‍ എസ്പിക്ക് പരാതി.കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിനെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് എസ്പി നിര്‍ദേശം നല്‍കി.

നെഹ്‌റു ഗ്രൂപ്പിന്റെ സിഇഒയും ട്രസ്റ്റിയുമാണ് പി കൃഷ്ണകുമാര്‍. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നെഹ്‌റു ഗ്രൂപ്പിനും തന്റെ ജ്യേഷ്ഠനും എതിരെ എല്ലാ സീമകളും ലംഘിച്ച് വളരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് കൃഷ്ണകുമാര്‍ പരാതിയില്‍ പറയുന്നു. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പേരില്‍ അന്വേഷണ ഉദ്യോഗ്സ്ഥര്‍ അധ്യയന സമയത്ത് കോളെജിലെത്തി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നെന്ന് പരാതിയില്‍ പറയുന്നു.

നെഹ്‌റു ഗ്രൂപ്പിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. നെഹ്‌റു ഗ്രൂപ്പിനെ തകര്‍ക്കണമെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികള്‍ ആരെല്ലാമാണെന്നും അവര്‍ക്കുള്ള സാമ്പത്തിക സ്രോതസ് എവിടെനിന്നാണെന്നും കണ്ടെത്തണം. ജിഷ്ണുവിന്റെ അമ്മാവന്‍ എന്ന് അവകാശപ്പെടുന്ന ശ്രീജിത്തിന് പിന്നില്‍ ആരെല്ലാമാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസും കണ്ടെത്തണം. പരാതിയില്‍ പറയുന്നു.

DONT MISS
Top