രമണ്‍ ശ്രീവാസ്തവ പൊലീസിന്റെ ഉപദേശകനാകും; ജേക്കബ് തോമസ് തിരിച്ചുവരുമെന്നും മുഖ്യമന്ത്രി

പിണറായി വിജയന്‍, രമണ്‍ ശ്രീവാസ്തവ, ജേക്കബ് തോമസ് ( ഫയല്‍ ചിത്രം )

തിരുവനന്തപുരം: മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ പൊലീസിന്റെ ഉപദേശകനാകും. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെയല്ല, പൊലീസിന്റെ ഉപദേശകനാണ്. ഇരിക്കട്ടെ, ഉപദേശകന്മാര്‍ ഉണ്ടാകുന്നത് നല്ലതല്ലേ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പൊലീസിനെതിരെ വിമര്‍ശനം നിരന്തരം ഉയരുന്ന സാഹചര്യത്തില്‍ ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണമോ നിഷേധമോ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ സിപിഐഎമ്മിനുള്ളില്‍ എതിര്‍പ്പുകളുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് രമണ്‍ ശ്രീവാസ്തവയുടെ നിയമനത്തെ മുഖ്യമന്ത്രി ഉറപ്പിച്ചത്.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആ പദവിയിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം അവധിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിലാണ്.  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധി കഴിഞ്ഞാല്‍ തിരിച്ചുവരാതെ എവിടെ പോകാനാണ്’ എന്നു മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.

ഡിജിപി ഓഫീസിന് മുന്നിലെ പൊലീസ് അതിക്രമത്തെ വിമര്‍ശിച്ച് ‘തണലാകേണ്ടവര്‍ താണ്ഡവമാടുന്നു’ എന്ന ജേക്കബ് തോമസിന്റെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം സാഹിത്യഭാഷയില്‍ നന്നായി സംസാരിക്കുന്നയാളാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top