‘എന്തുനേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തതെന്ന്’ മുഖ്യമന്ത്രി പിണറായി വിജയന്‍; ‘മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ മുതലെടുക്കാന്‍ ശ്രമം നടന്നു’ 

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജിഷ്ണുകേസില്‍ എന്തുനേടാനായിരുന്നു മഹിജയും കുടുംബവും സമരം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാര്യവും സമരത്തിലൂടെ നേടാനുണ്ടായിരുന്നില്ല. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതെല്ലാം ജിഷ്ണുവിന്റെ കുടുംബത്തിന് ചെയ്തു. എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്. ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നില്ല. സമരം നടത്തിയിട്ട് എന്തുകാര്യമാണ് പുതുതായി നേടിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിപി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം എല്ലാവരെയും വേദനിപ്പിച്ചു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ നമുക്ക് മനസ്സിലാകും. എന്നാല്‍ ആ അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ചിലര്‍ തയ്യാറായി. ഇത് പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല. സമരം പെട്ടെന്ന് അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ സമരത്തിന് പിന്നിലുണ്ടായിരുന്നു. ആ കളി കാണാതിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ കേസില്‍ സര്‍ക്കാരിന് നിയമപരമായി ചെയ്യാന്‍ കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു. ബന്ധുക്കള്‍ ആവശ്യപ്പെട്ട പ്രകാരം കേസിന്റെ തുടക്കത്തില്‍ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ വരെ നിയമിച്ചു. സാങ്കേതികതകള്‍ മാറ്റിവെച്ച് ഒരു കേസിന്റെ തുടക്കഘട്ടത്തില്‍ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയെന്ന നടപടിയും ഈ സര്‍ക്കാര്‍ ചെയ്തു.

ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന വാദം മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തിലായതിനാല്‍ മറുപടി പറയുന്നില്ല. ജിഷ്ണുവിന്റെ കുടുംബത്തിന്റെ  സമരത്തില്‍ എസ്‌യുസിഐയ്ക്ക് എന്താണ് പങ്കെന്ന് മുഖ്യമന്ത്രി ചോദിച്ചു. പൂര്‍ണമായും പാര്‍ട്ടി കുടുംബമാണ് ജിഷ്ണുവിന്റെ കുടുംബം എന്ന് പറയപ്പെടുന്നു. എങ്കില്‍ ഇവരെ എസ് യു സിഐ എങ്ങനെ റാഞ്ചിയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരെയൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയില്ല. എസ്‌യുസിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ ഫോണ്‍ ശ്രീജിത്തിന്റെ കൈയില്‍ വന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ് യു സിഐയ്ക്ക് ചില ലക്ഷ്യങ്ങളുണ്ടാകാം. അതിന് അവര്‍ ഇവരെ വിനിയോഗിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എം ഷാജഹാനെതിരെ സര്‍ക്കാര്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിവിരോധം തീര്‍ക്കാനാണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇത്ര കാലമായിട്ടും ഒരു നടപടിയും എടുത്തിരുന്നില്ലല്ലോ. കെ എം ഷാജഹാന്‍ ഇവിടെ തന്നെയല്ലേ താമസിച്ചിരുന്നത്. നടപടി എടുക്കത്തക്ക സാഹചര്യം അദ്ദേഹം തന്നെ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍പോലും സര്‍ക്കാര്‍ അത്തരത്തില്‍ നീങ്ങിയോ. എന്റെ ഭാഗത്തുനിന്ന് എന്ത് പ്രത്യേക നിലപാടാണ് ഷാജഹാനെതിരെ ഉണ്ടായത്. എന്തേ നിങ്ങള്‍ ഇത് പരിശോധിക്കാത്തത്.  ഡിജിപി ഓഫീസിനു മുന്നില്‍ ബഹളം വെയ്ക്കാന്‍ പോയതിന്റെ ഭാഗമായി നടപടി ഉണ്ടായിട്ടുണ്ടാകും. അതല്ലേ ഇപ്പോള്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഷാജഹാന് ഇപ്പോള്‍ പുതിയ രക്ഷാധികാരി ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടി എന്നുമുതലാണ് ഷാജഹാന്റെ രക്ഷാധികാരിയായത് എന്ന് എനിക്കറിയില്ല. അത് നിങ്ങള്‍ പരിശോധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടിട്ടില്ല. ആഭ്യന്തരവകുപ്പ് ഒരു വലിയ വകുപ്പാണ്. ആ വകുപ്പിന്റെ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായാല്‍, ആ വീഴ്ചയുണ്ടായതിന് നേരെ നടപടിയെടുക്കുന്നതിന് ഒരു മടിയും സര്‍ക്കാരിനില്ല. നേരത്തെ തന്നെ ചില കാര്യങ്ങളില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ചില ആളുകള്‍ ചേര്‍ന്ന് എടുത്തോ നടപടി എന്ന് പറഞ്ഞാല്‍  ഒരു കുറ്റവും ചെയ്യാത്തവര്‍ക്കെതിരെ ഒരു നടപടിയും എടുക്കില്ല. അത് എത്ര തരത്തില്‍ ഇടപെട്ടുവന്നാലും നടപടി എടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

DONT MISS
Top