കറന്‍സി ക്ഷാമം രൂക്ഷം: എടിഎമ്മുകള്‍ വീണ്ടും നോക്കുകുത്തികളാകുന്നു

കോട്ടയം: കറന്‍സി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ എടിഎം കൗണ്ടറുകള്‍ വീണ്ടും നോക്കുകുത്തികളാകുന്നു. നോട്ട് പിന്‍വലിക്കല്‍ സമയത്തെ പ്രതിസന്ധിക്കു സമാനമായി പണമുള്ള എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ ആളുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആവശ്യപ്പെടുന്ന തുക ആര്‍ബിഐ അനുവദിച്ച് നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് എസ്ബിഐ അധികൃതരുടെ വിശദീകരണം.

കോട്ടയം ജില്ലയില്‍ മാത്രം പഴയ എസ്ബിടിയുടെ 150 എടിഎം കൗണ്ടറുകളും എസ്ബിഐക്ക് കീഴില്‍ 33 കൗണ്ടറുകളുമാണുള്ളത്. മറ്റു ബാങ്കുകളുടെ ഉള്‍പ്പെടെ 300 ഓളം എടിഎമ്മുകളുണ്ടെങ്കിലും നിലവില്‍ ഇവയില്‍ ഭൂരിഭാഗവും കാലിയാണ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് നോട്ടുക്ഷാമം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. എടിഎം ഉപയോഗത്തിന് എസ്ബിഐ നിരക്ക് വര്‍ധിപ്പിച്ചതോടെ പണം ലഭിക്കാത്ത ഇടപാടുകള്‍ക്കും ഫീസ് നല്‍കേണ്ടി വരുമോയെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. പണമുള്ള ചുരുക്കം ചിലയിടങ്ങളില്‍ ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.

എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ മുമ്പ് ആര്‍ബിഐയില്‍ നിന്നും 100 കോടി വരെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്നത് 30 കോടി പോലും ലഭിക്കാതായി. സംസ്ഥാനത്തിന് നല്‍കുന്ന പണം വന്‍തോതില്‍ കുറഞ്ഞതാണ് എടിഎമ്മുകളില്‍ പണമില്ലാതാകാന്‍ കാരണമെന്നാണ് എസ്ബിഐ അധികൃതര്‍ പറയുന്നത്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങളോടനുബന്ധിച്ച് പുതിയ നോട്ടുകള്‍ ആര്‍ബിഐയില്‍ നിന്ന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതും ലഭിക്കാനാനിടയില്ല. പെന്‍ഷന്‍ ശമ്പളവിതരണദിവസങ്ങളിലും കോട്ടയം ജില്ലയില്‍ കടുത്ത നോട്ടു ക്ഷാമം അനുഭവപ്പെട്ടിരുന്നു.

DONT MISS
Top