ഒടുവില്‍ വിജയ് മല്ല്യയുടെ വില്ല ലേലം ചെയ്തു; സ്വന്തമാക്കിയത് നടന്‍ സച്ചിന്‍ ജോഷി

വിജയ് മല്ല്യ, സണ്ണി ലിയോണ്‍, സച്ചിന്‍ ജോഷി

ബംഗളുരു: മദ്യരാജാവ് വിജയ് മല്ല്യയുടെ ഗോവയിലെ വസതി ബോളിവുഡ് സിനിമതാരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി. ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ കണ്ടോളിം ബീച്ചിന്റെ തീരത്തുള്ള കിങ്ങ്ഫിഷര്‍ വില്ല എന്ന ബംഗ്ലാവാണ് സച്ചിന്‍ ജോഷി സ്വന്തമാക്കിയത്.

കിങ്ങ് ഫിഷര്‍ വില്ല 85 കോടി അടിസ്ഥാന തുകയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പും ലേലത്തില്‍ വച്ചിരുന്നെങ്കിലും ഉയര്‍ന്ന തുകയാണെന്നുള്ള കാരണത്താല്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. ശേഷം അടിസ്ഥാന തുക 73 കോടി രൂപയായി താഴ്ത്തിയതിനെ തുടര്‍ന്നാണ് മുംബൈ ആസ്ഥാനമായ വൈക്കിംഗ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മേധാവി കൂടിയായ സച്ചിന്‍ ജോഷി വില്ല സ്വന്തമാക്കുന്നത്.

ഒന്‍പതിനായിരം കോടിയോളം രൂപ ബാങ്കില്‍ നിന്നും വായപയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യയുടെ വീണ്ടെടുത്ത സ്വത്തുകളില്‍ ഒന്നാണ് ഗോവയിലെ കിങ്ങ്ഫിഷര്‍ വില്ല. മൂന്ന് തവണ വില്ല വില്‍ക്കുന്നതിനായി എസ്ബിഐ ശ്രമിച്ചിട്ടും അടിസ്ഥാന തുകയെ ചൊല്ലി ലേലം തടസ്സപ്പെടുകയായിരുന്നു.

“ആഫ്രീന്‍” എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നടനായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ ജോഷി “ജാക്ക്‌പോട്ട്” എന്ന ചിത്രത്തില്‍ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്റെ കൂടെ അഭിനയിച്ച “കഭി ജോ ബാദല്‍ ബരസെ” എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. പൂനെ ആസ്ഥാനമായ ജെഎംജെ ഗ്രൂപ്പിന്റെ കീഴിലുള്ള വൈക്കിംഗ് വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിന്റെയും മേധാവിയായ ജോഷി ഗോവയില്‍ വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നൂറ് കോടി മുതല്‍മുടക്കില്‍ പണിത കിങ്ങ്ഫിഷര്‍ വില്ല സ്ഥിതി ചെയ്യുന്നത് മൂന്ന് ഏക്കര്‍ ഭൂമിയിലാണ്. ആഡംബര ബെഡ്‌റൂമുകളും സ്വമ്മിംഗ് പൂളുകളും അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള സംവിധാനങ്ങളിലും വില്ലയില്‍ ലഭിക്കുമെന്നാണ് വാര്‍ത്തകള്‍.

DONT MISS
Top