കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയത് എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ എന്ന് ട്രായിയുടെ റിപ്പോര്‍ട്ട്‌

പ്രതീകാത്മക ചിത്രം

ദില്ലി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, ഡിസംബര്‍ കാലയളവില്‍ ബില്ലിംഗ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയത് എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കളെന്ന് ട്രായുടെ റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയുടെ വരവോടെ മറ്റ് സേവനദാതാക്കള്‍ ഡേറ്റ പാക്കേജുകള്‍ക്കും, കോളുകള്‍ക്കും ഉദാരമായ ഓഫറുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരാതികള്‍ രേഖപ്പെടുത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ ട്രായ് പുറത്ത് വിട്ടിരിക്കുന്നത്.

തമിഴ്‌നാട്, കൊല്‍ക്കത്ത, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഭാരതി എയര്‍ടെല്‍ ടൂജി ഉപഭോക്താക്കള്‍ കൂടുതലായി പരാതികള്‍ നല്‍കിയിട്ടുള്ളത്. ജിഎസ്എം സേവനദാതാക്കള്‍ പാലിക്കേണ്ട സേവനചട്ടങ്ങള്‍ അളക്കുന്ന ബെഞ്ച്മാര്‍ക്ക് പരിതികള്‍ 0.11 മുതല്‍ 0.12 ശതമാനം വരെയാണ് എയര്‍ടെല്‍ ലംഘിച്ചിരിക്കുന്നത്. സേവനചട്ട ബെഞ്ച്മാര്‍ക്ക് പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ നൂറ് ബില്ലുകള്‍ക്ക് 0.1 ശതമാനത്തിന് മുകളില്‍ പോകാന്‍ പാടില്ല എന്നാണ് ട്രായ് നിര്‍ദ്ദേശം.

വോഡാഫോണ്‍ ആണ് ഏറ്റവും കൂടുതല്‍ ബെഞ്ച്മാര്‍ക്ക് ലംഘനം നടത്തിയിരിക്കുന്നത്. 0.13 മുതല്‍ 0.15 ശതമാനം വരെ പരാതികളാണ് തെലുങ്കാനയില്‍ നിന്നും, ആന്ധ്രപ്രദേശില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ വോഡാഫോണിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. മുംബൈ പ്രദേശങ്ങളിലുള്ള പോസ്റ്റ് പെയഡ് ഉപഭോക്താക്കളും വോഡാഫോണിനെതിരെ പരാതികള്‍ ബോധിപ്പിച്ചിട്ടുണ്ടെന്ന് ട്രായ് റിപ്പോര്‍ട്ട് പറയുന്നു.

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഐഡിയയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എയര്‍സെല്ലാണ് ട്രായ് നിശ്ചയിച്ചിരിക്കുന്ന അളവുകോലുകള്‍ എല്ലാം ലംഘിച്ച് ഏറ്റവും മോശം സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ട്രായ് നിശ്ചയിച്ചിരിക്കുന്ന ചട്ടങ്ങള്‍ പാലിക്കാത്ത സേവനദാതാക്കള്‍ക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പിഴയാണ് ടെലികോം ഡിപ്പര്‍ട്ട്‌മെന്റെ് ഈടാക്കുന്നത്.

DONT MISS
Top