മമ്മൂക്ക സിനിമയിലെ ഇതിഹാസമെന്ന് ആര്യ; കാസര്‍ഗോഡുകാരനായ ജംഷാദ് ആര്യയായ കഥയും പങ്കുവെച്ച് താരം

ആര്യയും മമ്മൂട്ടിയും

കൊച്ചി: കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ജംഷാദാണ് തമിഴ്‌സിനിമാലോകത്തെ യുവരാജാക്കളില്‍ ഒരാളായ ആര്യ. ആദ്യ സിനിമയുടെ സംവിധായന്‍ ജീവയാണ്, പേര് മാറ്റിയത്. ഇന്നും വീട്ടില്‍ മലയാളത്തില്‍ മാത്രം സംസാരിക്കുന്നയാളാണ് താനെന്നും ആര്യ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയോടൊപ്പമുള്ള വേഷം തനിക്ക് ലഭിച്ച വലിയ അനുഭവമാണെന്നും ആര്യ പറഞ്ഞു.

തന്റെ മൂന്നാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. സിനിമയിലെ നല്ല വിശേഷങ്ങളും ആര്യ പങ്കുവെച്ചു. ആന്‍ഡ്രൂ സ്റ്റീഫന്‍ എന്ന ഗ്രേറ്റ്ഫാദറിലെ വേഷം വളരെ നല്ല ക്യാരക്ടറാണെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂക്ക പ്രഫഷണലും ലജന്റുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമ്മൂക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയെന്നത് ഭാഗ്യമാണ്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അദ്ദേഹത്തോടൊപ്പമുള്ള സിനിമാ അനുഭവം വലുതാണ്. ആ രണ്ട് മാസം താന്‍ നന്നായി പഠിക്കുകയും സന്തോഷിക്കുകയും ചെയ്തുവെന്നും ആര്യ വ്യക്തമാക്കി.

സിനിമാ അനുഭവത്തില്‍ മലയാളവും തമിഴും ഒരുപോലെയാണെന്നും ആര്യ വ്യക്തമാക്കി. ഭാഷമാറുന്നു എന്നേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പഠിച്ചുവളര്‍ന്നത് ചെന്നൈയിലായിരുന്നു. ആദ്യം തമിഴ് സിനിമയില്‍ ആണ് അഭിനയിച്ചത്. ജീവയുടെ ഉള്ളംകേക്കത് എന്നതായിരുന്നു ആദ്യസിനിമ. ഇന്നും വീട്ടില്‍ മലയാളമാണ് സംസാരിക്കുന്നത്. ആര്യയെന്ന പേര് സമ്മാനിച്ചത് ജീവയാണ്. അനുജനും സിനിമയിലെത്തിയപ്പോള്‍ സ്‌ക്രീന്‍ നെയിം സത്യയെന്നായിയെന്നും ആര്യ വ്യക്തമാക്കുന്നു.

പ്രിഥ്വിരാജ് തന്റെ അടുത്ത സുഹൃത്താണ്. ഉറുമിയിലെയും ഡബിള്‍ബാരലിലെയും ഒന്നിച്ചുള്ള അഭിനയം വഴിയാണിത്. ജയറാമും നിവിന്‍പോളിയും മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവരും തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം റിപ്പോര്‍ട്ടറോട് പറഞ്ഞു. മലയാളത്തില്‍ മികച്ച തിരക്കഥകളുണ്ടാകുന്നുണ്ട്. ഡബിള്‍ബാരലില്‍ സ്വന്തമാണ് ഡബ്ബിംഗെങ്കിലും, ഗ്രേറ്റ്ഫാദറില്‍ സമയമില്ലാത്തതിനാല്‍ മറ്റൊരാളാണ് ചെയ്തത്. സ്റ്റൈലിഷായ പൊലീസുകാരനാണ് ആന്‍ഡ്രൂ സ്റ്റീഫനെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ടാമത്തെ പൊലീസ് വേഷമാണിതെന്നും അദ്ദേഹം റിപ്പോര്‍ട്ടറോട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ എറണാകുളം റിപ്പോര്‍ട്ടര്‍ ലേബി സജീന്ദ്രന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

DONT MISS
Top