മികച്ച നടന് ലഭിക്കുന്നത് 50,000 രൂപ; പക്ഷെ പ്രത്യേക പുരസ്കാരം നേടിയ മോഹന്‍ലാലിന് ലഭിക്കുക രണ്ട് ലക്ഷം

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ബോളീവുഡ് താരം അക്ഷയ് കുമാറിനെങ്കിലും ഏറ്റവും കൂടുതല്‍ സമ്മാനത്തുക ലഭിക്കുക പ്രത്യേക ജൂറി പുരസ്കാരം നേടിയ മോഹന്‍ലാലിന്. അക്ഷയ് കുമാറിന് സമ്മാനമായി ലഭിക്കുക അമ്പതിനായിരം രൂപ. എന്നാല്‍ മോഹന്‍ലാലിന് ലഭിക്കുന്നത് രണ്ട് ലക്ഷം. മികച്ച നടിക്കും അമ്പതിനായിരം രൂപയേ ലഭിക്കൂ. അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം രജതകമലവും ലഭിക്കും.

പ്രത്യേക ജൂറി പുരസ്കാരത്തിന് രണ്ട് ലക്ഷം രൂപയും രജതകമലവുമാണ് നല്‍കേണ്ടതെന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നതായി ജൂറി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മികച്ച സംവിധായകനും രണ്ട് ലക്ഷം രൂപയും രജതകമലവും അവാര്‍ഡായി ലഭിക്കും. മികച്ച സഹനടന്‍, സഹനടി, ഗാനരചയിതാവ്, കൊറിയോഗ്രഫി പുരസ്‌കാരങ്ങള്‍ക്കും അരലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്.

രസ്തം എന്ന ചിത്രത്തിലെ അഭിനയമാണ് അക്ഷയ് കുമാറിന് ഇത്തവണത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. അക്ഷയ് കുമാറിന്റെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. മറാത്തി ചിത്രമായ വെന്റിലേറ്റര്‍ സംവിധാനം ചെയ്ത രാജേഷ് മപുസ്‌കാറാണ് മികച്ച സംവിധായകന്‍. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സുരഭി 12 വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുര്‌സകാരം കേരളത്തിലെത്തിച്ചു. മലയാളത്തിലെ എക്കാലത്തേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തെലുങ്ക് ചിത്രം ജനതാ ഗ്യാരേജ് എന്നിവയാണ് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിക്കൊടുത്തത്.

DONT MISS
Top