തൊഴിലുടമകള്‍ തഴഞ്ഞവര്‍ക്ക് തുണയായി വിദേശി നിരീക്ഷണ വകുപ്പ്; പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പലവഴികളുമായി സൗദി

പ്രതീകാത്മക ചിത്രം

സൗദിയിലെ അനധികൃത തൊഴിലാളികളെ നാട്ടിലേക്ക് കയറ്റിവിടാന്‍ തൊഴിലുടമകള്‍ സഹായിക്കുന്നില്ലെങ്കില്‍ വിദേശി നിരീക്ഷണ വകുപ്പിനെയൊ വകുപ്പിന്റെ ബ്രാഞ്ചുകളെയൊ സമീപിച്ച് നാട്ടിലേക്ക് പോകാനാവും. തൊഴിലാളികളെ നാട്ടിലേക്ക് കയറ്റി അയക്കേണ്ടത് സ്‌പോണ്‍സര്‍മാരുടെ ബാധ്യതയാണ്. എന്നാല്‍ സ്‌പോണ്‍സര്‍മാരില്‍നിന്നും സഹായം ലഭിക്കാത്തവര്‍ക്കാണ് വിദേശി നിരീക്ഷണ വകുപ്പിന്റെ സഹായം ലഭിക്കുക.

പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലുടമ സഹകരിക്കാത്തവര്‍ക്ക് സൗദി വിദേശി നിരീക്ഷണ വകുപ്പിനെ നേരിട്ട് സമീപിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. പൊതുമാപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 19ന് മുമ്പ് ഇഖാമ കാലാവധി അവസാനിച്ചവര്‍ക്കും തൊഴില്‍ വിസയില്‍ എത്തി താമസ രേഖ ലഭിക്കാത്തവര്‍ക്കുമാണ് നേരിട്ട് വിദേശി നിരീക്ഷണ വകുപ്പിനെയൊ വകുപ്പിന്റെ വിവിധ പ്രദേശങ്ങളിലുള്ള ശാഖകളെയൊ സമീപിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാവുക. സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഔദ്യോഗിക വക്താവ് തലാല്‍ അല്‍ ശെല്‍വിയാണ് ഇക്കാര്യം അറിയിച്ചത്.

സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച് ഓരോ തൊഴിലുടമയും തന്റെ കീഴിലുള്ള തൊഴിലാളിയുടെ പേരില്‍ കുടിശിക ഉണ്ടെങ്കില്‍ അവ അടച്ച് ഓണ്‍ലൈന്‍ വഴി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അനധികൃതരായ വിദേശ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ അയക്കണം. സ്‌പോണ്‍സര്‍മാര്‍ ഇതിനു വിമുഖത കാണിക്കുകയാണെങ്കിലാണ് വിദേശി നിരീക്ഷണ വകുപ്പിന്റെ സഹായം ലഭിക്കുക.

നിയമ ലംഘകരായി തൊഴിലാളികള്‍ സൗദിയില്‍ കഴിയുന്നതിന് തൊഴിലുടമ ഉത്തരവാദിയാണെന്നതിനാല്‍ തൊഴിലുടമയുടെ ബാധൃതയാണ് തന്റെ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് കയറ്റി അയക്കേണ്ടിവരുന്നത്. ഇതിന് വൈമനസ്യം കാണിക്കുന്ന സാഹചര്യത്തില്‍ നിയമരംഘകരായി രാജ്യത്ത് തുടരുന്നത് തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലെന്നതിനാലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ട് സഹായിക്കുന്നത്. പാസ്‌പോര്‍ട്ടും കണ്‍ഫോം ചെയ്ത ടിക്കറ്റുമായാണ് അനധികൃത താമസക്കാര്‍ നാട്ടിലേക്ക് തിരികെ പോകാന്‍ ബന്ധപ്പെട്ടവരെ സമീപിക്കേണ്ടത്. പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത വിദേശികള്‍ കോണ്‍സുലേറ്റില്‍നിന്നോ എംബസിയില്‍നിന്നോ ഉള്ള എമര്‍ജന്‍സി പാസ്‌പോര്‍ട്ട് സംഘടിപ്പിക്കണം.

DONT MISS
Top