ഷെവര്‍ലെ ഇന്ത്യവിടുന്നു എന്ന് സൂചന; വാഹന ഉടമകളെ നടുക്കി ജനറല്‍ മോട്ടോഴ്‌സ്

ഷെവര്‍ലെ സെയിലും ടവേരയും

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍നിന്ന് വാഹനങ്ങള്‍ പിന്‍വലിച്ച് ഡീലര്‍ഷിപ്പുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് സൂചന. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ ഷെവര്‍ലെ ഭീമമായ നഷ്ടമുണ്ടാക്കിയതിനാലാണത്. മാര്‍ക്കറ്റിംഗ് രംഗത്തും കമ്പനി കനത്ത പരാജയമായിരുന്നു.

അവസാനം ഇന്ത്യയില്‍ ട്രെയില്‍ ബ്ലേസര്‍ എന്ന എസ്‌യുവി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ വാഹനവും ദയനീയമായ പ്രകടനമാണ് കാഴ്ച്ചവച്ചത്. ഇന്ത്യയൊട്ടാകെയുള്ള ഡീലര്‍ഷിപ്പുകള്‍ കമ്പനി എങ്ങനെ കൈകകാര്യം ചെയ്യും എന്നും വ്യക്തമല്ല. വാഹനങ്ങള്‍ വിറ്റുപോകാത്തതിനേത്തുടര്‍ന്ന് ക്രൂസ്, ഒപ്ട്ര മുതലായ മോഡലുകളുടെ ഉത്പാദനം കമ്പനി നേരത്തെ നിര്‍ത്തിയിരുന്നു. ബീറ്റ്, സ്പാര്‍ക്ക് എന്നീ മോഡലുകള്‍ പോലും തീര്‍ത്തും വില്‍പന കുറഞ്ഞ അവസ്ഥയാണുള്ളത്.

ഏറെ കൊട്ടിഘോഷിച്ചെത്തിയ 7 സീറ്റര്‍ വാഹനമായ എന്‍ജോയ് ആകട്ടെ തുടക്കത്തില്‍ മികച്ച ബുക്കിംഗ് ലഭിച്ചതിനുശേഷം വില്‍പന കുറഞ്ഞു. സെയില്‍ എന്ന സെഡാനും കമ്പനിയുടെ പ്രതീക്ഷ കാത്തില്ല. ഈ രീതിയില്‍ കമ്പനിക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്നതാണ് കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചത്. നിലവിനെ വാഹന ഉടമകള്‍ക്കുള്ള പിന്തുണ എത്രകാലമുണ്ടാവുമെന്നും സര്‍വീസ് എത്രനാളുകള്‍ വരെ തുടരുമെന്നും കമ്പനി ഉടനെ അറിയിച്ചേക്കും.

ടവേര എന്ന മള്‍ടി യൂട്ടിലിറ്റി വാഹനമാണ് ഇന്ത്യയിലെ കമ്പനിയുടെ ഏക അടയാളം. ഏറ്റവും വിറ്റഴിഞ്ഞ ഈ ഷെവര്‍ലേ വാഹനം വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏറെ വാങ്ങി. മറ്റൊരുവാഹനവും ഇത്രകണ്ട് വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. ബീറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡലും എസന്‍ഷ്യ എന്ന സെഡാനും അവതരിപ്പിക്കാനിരിക്കെയാണ് കമ്പനിയുടെ വീണ്ടുവിചാരമുണ്ടായിരിക്കുന്നത്. എങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

DONT MISS
Top