മുസ്‌ലിം യുവാവിനെ പശുസംരക്ഷര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

മുക്താര്‍ അബ്ബാസ് നഖ്‌വി

ദില്ലി: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പശുകടത്ത് നടത്തിയെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ പശുസംരക്ഷകര്‍ മര്‍ദ്ദിച്ചു കൊന്ന സംഭവം മാധ്യമ സൃഷ്ടിയാണെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പശുക്കളെ കടത്തി എന്ന് ആരോപിച്ചു പശു സംരക്ഷകരായ ചിലര്‍ സംഘം ചേര്‍ന്ന് ഒരു മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചു കൊല്ലുകയും, മറ്റു ചിലരെ പരുക്കുകള്‍ ഏല്‍പ്പിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് എംപി മധുസുനന്‍ മിസ്ത്രിയുടെ ആരോപണങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ കേസെടുക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ വളരെ വൈകാരികമാണ്. തങ്ങള്‍ ഇതുപോലെ നീചമായ പ്രവര്‍നത്തങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന സന്ദേശം കോടിക്കണക്കിനുള്ള ജനങ്ങളിലേക്ക് എത്താന്‍ സമ്മതിക്കില്ലെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് ടൈംസ് പോലും അറിഞ്ഞ വിവരം രാജ്യത്തെ മന്ത്രിമാര്‍ അറിഞ്ഞില്ല എന്നത് വളരെ പരിതാപകരമായ കാര്യമാണെന്നും. മന്ത്രിസഭ വാര്‍ത്തകള്‍ വളരെ വൈകി അറിയുന്ന കാര്യമോര്‍ത്ത് ദുഖമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. നഖ്‌വിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ യുവാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് സംഭവച്ചിരിക്കുന്ന വലിയ വീഴ്ച്ചയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം ആളുകള്‍ തെരുവിലിറങ്ങി മനുഷത്വത്തിന് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യാന്‍ കാരണമെന്ന് പറഞ്ഞ അദ്ദേഹം. സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top